സ്മാർട്ട്ഫോൺ എങ്ങനെ കുട്ടികളെ സ്വാധീനിക്കുന്നു?
സ്മാർട്ട് ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിരിക്കുന്ന കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഒരു സ്ഥിരക്കാഴ്ചയാണ്. എന്താ ശരിയല്ലേ? കൗമാരപ്രായക്കാരും, യുവാക്കളും മാത്രമല്ല ചെറിയകുട്ടികളുടെ കൈകളിൽവരെ മൊബൈലുകൾ നാം കാണുന്നു. കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനും, അവർ കരയുന്നത് ഒഴിവാക്കുന്നതിനും മറ്റും വേണ്ടി അച്ഛനമ്മമാർ ഇത്തരം സൂത്രപ്പണികൾ ചെയ്യാറുണ്ട്. എന്നാൽ ഇത്തരം പ്രവർത്തികൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെപ്പറ്റി എത്രപേർ ഗാഢമായി ചിന്തിച്ചിട്ടുണ്ടെന്ന ചോദ്യം നാമോരോരുത്തരും ഉന്നയിക്കേണ്ടതുണ്ട്. ഈ വിഷയത്തെപ്പറ്റി സമൂഹത്തിൽ ക്രിയാത്മകമായ ചർച്ചകളും, സംവാദങ്ങളും നടക്കേണ്ടത് അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കുട്ടികളിൽ എന്ത് മാറ്റമാണ് ഇത്തരം സ്മാർട്ട്ഫോണുകൾ വരുത്തുന്നതെന്ന് നമുക്ക് പരിശോധിക്കാം.
വിവരസാങ്കേതികവിദ്യയുടെ ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യചരിത്രത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള വളർച്ചയാണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ മൊബൈൽഫോണുകളുടെ അല്ലെങ്കിൽ സ്മാർട്ട്ഫോണുകളുടെ ആധിക്യം പ്രകടമായിത്തന്നെ നമുക്ക് കാണുവാൻ സാധിക്കും. ഇന്ന് നാം കാണുന്നതും, ഉപയോഗിക്കുന്നതുമായ ഇത്തരം മൊബൈൽ ഫോണുകളിൽ നിന്ന് പുറത്തുവരുന്നത് ഉയർന്ന റേഡിയേഷനാണ്. ഇത് ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നുണ്ട്. യുവാക്കളെക്കാൾ എത്രയോ മടങ്ങ് റേഡിയേഷൻ കുട്ടികളുടെ ബ്രെയിൻ വലിച്ചെടുക്കുന്നു. അതുമൂലം അവരുടെ നാഡീവ്യൂഹങ്ങൾക്ക് മാത്രമല്ല, ശരീരത്തിന് ഒട്ടാകെ മാറ്റങ്ങൾ സംഭവിക്കുന്നു. ക്ഷീണം, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി ശാരീരികപ്രശ്നങ്ങൾ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല ഇത്തരം ദുരുപയോഗം മൂലമുണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കണ്ണുകളെയാണ്.
സ്മാർട്ട്ഫോണുകളുടെ മറ്റൊരു ദൂഷ്യവശം പ്രകടമാവുന്നത് കുട്ടികളുടെ പഠനത്തിലാണ്. മൊബൈൽഫോൺ നിരന്തരമായി ഉപയോഗിക്കുന്ന കുട്ടികൾ പഠനത്തിൽ നിന്ന് വ്യതിചലിച്ച് പോകുന്നു. പഠിക്കാനുള്ള സമയം മുഴുവൻ സ്മാർട്ടഫോൺ ഉപയോഗിച്ചുകൊണ്ട് നഷ്ട്ടപ്പെടുത്തുന്നു. ഒരു വിഷയത്തിലും ശ്രദ്ധിക്കാൻ സാധിക്കാത്ത മാനസികാവസ്ഥയാണ് ഇതിലൂടെ സൃഷ്ട്ടിക്കപ്പെടുന്നത്. അതുമൂലം പരീക്ഷകൾക്ക് വേണ്ടി കൃത്യമായി തയ്യാറെടുപ്പു നടത്താൻ സാധിക്കാതെ വരുകയും, അവയിൽ പരാജയങ്ങളേറ്റുവാങ്ങുകയും ചെയ്യുന്നു. ഇത്തരം തോൽവികൾ കുട്ടികളെ ഒറ്റപെടുത്തലിലേക്ക് നയിക്കുകയും, മാനസികമായി കൂടുതൽ തളർച്ച അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ പെരുമാറ്റരീതികളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് അടുത്തതായി നാം നോക്കേണ്ടത്. മൊബൈൽ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നതിലൂടെ വീടുകളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കയും, സമൂഹവുമായി യാതൊരു ബന്ധം നിലനിർത്താതിരിക്കയും ചെയ്യുന്നു. വീടിനു പുറത്തിറങ്ങി കളിക്കുകയോ, മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയോ ഒന്നും ചെയ്യാതിരിക്കുമ്പോൾ അവരുടെ സാമൂഹികജീവിതമാണ് നശിപ്പിച്ചില്ലാതെയാക്കുന്നത്. അവനവന്റെ വീട്ടുകാരോട്പോലും ഒന്നും സംസാരിക്കാതെ, ഫോണുകളിൽ എപ്പോഴും മുഴുകിയിരിക്കുന്നവർ അതില്ലാതെ വരുന്ന അവസ്ഥയിൽ നിരാശരാകുകയും, തുടർന്ന് മാനസികമായ സംഘർഷത്തിലേക്കും നയിക്കുന്നു.
ഈ വിഷയത്തിന്റെ മറ്റൊരു പ്രധാന വശമാണ് ഇന്റർനെറ്റിന്റെ ദുരുപയോഗം. ഇന്റർനെറ്റ് വളരെ വ്യാപകമായ രീതിയിൽ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഈയൊരു മാധ്യമം അനാവശ്യമായി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗമാളുകളും. സോഷ്യൽ മീഡിയയിലും, മറ്റ് വെബ്സൈറ്റുകളിലും മണിക്കൂറുകളോളം ചെലവഴിക്കുന്ന ഒരുപാട് കുട്ടികളെ നമുക്ക് കാണാൻ സാധിക്കും. ചില അവസരങ്ങളിൽ നിയന്ത്രണാതീതവും ഭീതിതവുമായ അവസ്ഥകളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അനവധി വാർത്തകളും, പഠനങ്ങൾ നമ്മൾ കേൾക്കാറുണ്ട്, വായിക്കാറുണ്ട്. കയ്യിൽ കിട്ടിയിട്ടുള്ള ഒരു ഉപകരണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്നറിയാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം.
സ്മാർഫോണിന്റെ സ്വാധീനത്തെക്കുറിച്ച് നാം പറയുമ്പോൾ ഇനിയും ഒരുപാട് ദൂഷ്യവശങ്ങളെക്കുറിച്ച് പറയാൻ സാധിക്കും. എന്നാൽ ഇവയൊക്കെ എങ്ങനെ നിയന്ത്രിക്കാം എന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു പരിഹാരമെന്നത്, ദിവസത്തിൽ കുറച്ചുനേരമെങ്കിലും മൊബൈൽഫോൺ കുട്ടികളിൽ നിന്ന് മാറ്റിവയ്ക്കുക എന്നതാണ്. അച്ഛനമ്മമാർ മക്കളെ ഉപദേശിക്കുന്നതിന് പകരം ഈ പ്രവർത്തിയിൽ സ്വയം മാതൃകയാകേണ്ടതാണ്. മറ്റൊന്ന് കുട്ടികളുമായി ദിവസത്തിൽ കുറച്ചു നേരം അനുയോജ്യമായ രീതിയിൽ ചെലവഴിക്കുക എന്നുള്ളതാണ്. അവരോടൊപ്പമിരിക്കാനും, അവരുടെ സന്തോഷങ്ങളും, ദുഖങ്ങളും, ആഗ്രഹങ്ങളുമെല്ലാം കേൾക്കാനും വേണ്ടരീതിയിൽ മാർഗനിർദേശങ്ങൾ നൽകാനും സാധിക്കണം. സമൂഹത്തിന്റെ ചലനങ്ങളും, സ്പന്ദനങ്ങളും അവരെ അറിയിക്കണം. കൂടാതെ ടെക്നോളജിയുടെ ഉപയോഗവും, അതിന്റെ നന്മ തിന്മകളും എന്താണെന്ന് വ്യക്തമായി അവർക്കറിയാവുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കാൻ അച്ഛനമ്മമാർക്ക് കഴിയണം. കുട്ടികളെ വെറും യന്ത്രങ്ങളാക്കി മാറ്റാതെ, ജീവസുറ്റ, ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കണം ഓരോ മാതാപിതാക്കന്മാരും..
courtesy:techspot.com, videoblocks, Champatree.in