മഴക്കെടുതി; വസ്തുതകളും ആശങ്കകളും ചോദ്യങ്ങളും

കേരളത്തെ ആശങ്കയുടെ മുൾമുനിയിൽ നിർത്തിക്കൊണ്ട് മുൻപെങ്ങും കാണാത്ത വിധത്തിൽ മഴ തകർത്ത് പെയ്തുകൊണ്ടിരിക്കയാണ്. നീരൊഴുക്ക് അല്പം കുറഞ്ഞെങ്കിലും ഇടുക്കി, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ കനത്ത നാശം വിതച്ചുകഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മഴമൂലം ആകെ 29 പേരാണ് മരിച്ചത്. ജനങ്ങളുടെ ഭീതിയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം സമയാസമയം വർധിക്കുന്നത്തിന്റെ റിപ്പോർട്ടുകൾ നമ്മൾ മാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടുകഴിഞ്ഞു. 26 വർഷങ്ങൾക്ക് ശേഷം ഡാം തുറക്കുകയുണ്ടായി. മാത്രമല്ല ചരിത്രത്തിലാദ്യമായി അണക്കെട്ടിന്റെ 5 ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നു. ഡാം സ്ഥിതി ചെയ്യുന്നതിനാലും, രൂക്ഷമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശം ആയതിനാലും, ഈ മഴക്കെടുതിയുമായി ബന്ധപ്പെട്ട സംവാദങ്ങളും, ചർച്ചകളും എല്ലാം നടക്കുന്നത് ഇടുക്കി അണക്കെട്ടിനെ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഈ അണക്കെട്ടുമായി സംബന്ധിക്കുന്ന ചില വസ്തുതകളിലേക്ക് നമുക്ക് കണ്ണോടിക്കാം.

കേരളത്തിലെ മഹാത്ഭുതം തന്നെയാണ് ഇടുക്കി എന്ന് പറയുന്നതില് തെറ്റൊന്നുമില്ല. പ്രകൃതി സൃഷ്ട്ടിച്ച ദൃശ്യവിസ്മയം, സംസ്ഥാനത്തിന്റെ ഊർജഹൃദയം. 1922 കാലഘട്ടത്തിൽ മലങ്കര എസ്റ്റേറ്റ് സുപ്രണ്ടായിരുന്ന ഡബ്ലിയു. ജെ. ജോൺ വനാന്തരങ്ങളിൽ നായാട്ടിനിറങ്ങി. ആദിവാസിയായ കൊലുമ്പനെ യാത്രക്കിടെ കണ്ടുമുട്ടുകയും, കൂടെക്കൂട്ടുകയും ചെയ്തു. ഇവരാണ് ഇടുക്കി അണക്കെട്ടിന്റെ അമരക്കാർ. മലകൾക്കിടയിൽ അണക്കെട്ടിന്റെ സാധ്യത കണ്ടെത്തിക്കൊടുത്തതും കൊലുമ്പനാണ്. അണക്കെട്ട് നിർമ്മിക്കാൻ തിരുവിതാംകൂർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് അനുമതി തടസ്സം നേരിടുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങൾ കടന്നുപോയി. പിന്നീട് 1967ൽ നിർമാണം ആരംഭിക്കുകയും, 1976ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അണക്കെട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുറവന്, കുറത്തി എന്നീ മലകള്ക്കിടയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇടുക്കി അണക്കെട്ട് നിര്മ്മിച്ചിരിക്കുന്നത്. മനുഷ്യാദ്ധ്വാനത്തിന്റെ ഏറ്റവും പ്രകടമായ ആവിഷ്കാരങ്ങളിൽ ഒന്ന്. കുറത്തി മല സമുദ്ര നിരപ്പില് നിന്ന് 925 മീറ്റര് ഉയരത്തിലും 839 മീറ്റര് ഉയരത്തില് കുറവന് മലയും സ്ഥിതി ചെയ്യുന്നു. മലകള്ക്കിടയിലൂടെ വി ആകൃതിയിലാണ് ആര്ച്ച് ഡാം പടുത്തുയര്ത്തിയിരിക്കുന്നത്. ഭാരം താങ്ങാൻ ആർച്ചിന് കൂടുതൽ ശേഷിയുണ്ട് എന്ന ശാസ്ത്രീയവസ്തുത കണക്കാക്കിയാണ് അണക്കെട്ടിന് കമാനാകൃതി തന്നെ തിരഞ്ഞെടുത്തത്.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. 2403 അടിയാണ് ഡാമിന്റെ ജലസംഭരണ ശേഷി. ആയുസ്സ് പരാമാവധി 300 വര്ഷവും. മലകൾക്കിടയിലൂടെ ഒഴുകിയിരുന്ന പെരിയാര് നദിയെ തടഞ്ഞു നിര്ത്തിയാണ് സംഭരണി നിര്മ്മിച്ചിട്ടുള്ളത്. വൈദ്യുതി ഉൽപ്പാദനം, ജലസേചനം എന്നീ ലക്ഷ്യങ്ങൾ മുന്നില് കണ്ടാണ് ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ ചലനവും, വിള്ളലുകളും, ഊഷ്മാവുമൊക്കെ അറിയാൻ പെന്ഡുലം, ക്രാക്ക് മീറ്റര്, വാട്ടര് തെര്മോമീറ്റര് തുടങ്ങിയ ഉപകരണങ്ങള് അണക്കെട്ടിനുളളിൽ തന്നെയുണ്ട്. 26 വർഷങ്ങൾക്ക് ശേഷം ഡാം തുറക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിക്കുകയാണ്.

ഇടുക്കി അണക്കെട്ട് തുറക്കുന്നത് ഒരു ചരിത്ര തീരുമാനമാണെങ്കിലും ഒരുപാട് പ്രതികൂല സാഹചര്യങ്ങളും ഈ സന്ദർഭത്തിൽ നേരിടേണ്ടതായിട്ടുണ്ട്. അനവധി ജീവനുകൾ നഷ്ട്ടപെട്ടു. ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നു. ആയിരക്കണക്കിനാളുകളെ മാറ്റി പാർപ്പിച്ചു. വീടുകൾക്കും, വ്യവസായശാലകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. അങ്ങനെ ഒരുപാട് നഷ്ട്ടങ്ങളാണ് മഴ മൂലം സംഭവിച്ചത്. മാത്രമല്ല ഒരുപാട് ചോദ്യങ്ങളും നമുക്ക് മുന്നിലുണ്ട്. ഇത്തരം ദുരന്തങ്ങളെ എങ്ങനെയാണ് നാം നേരിടേണ്ടത്? ഇവ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് നാം ചെയ്യേണ്ടത്? ബോധവൽക്കരണം ശരിയായ രീതിയിലാണോ നടക്കുന്നത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കാണ് നമ്മൾ ഉത്തരം കണ്ടെത്തേണ്ടത്. വെള്ളപ്പൊക്കക്കെടുതിക്കാക്കാം കൂട്ടിയത് തീർച്ചയായും വയലുകളും, തണ്ണീർത്തടങ്ങളും മറ്റും നികത്തിയതാണ്. പ്രകൃതിയോട് മനുഷ്യൻ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കുള്ള തിരിച്ചടിയായിട്ടാണ് ഇത്തരം പ്രകൃതിദുരന്തങ്ങളും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഓരോ തവണ ദുരന്തം സംഭവിക്കുമ്പോഴും, നാം ഒരിക്കലും അതിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് സത്യം. ഇനിയും അതിന് സാധിച്ചില്ലെങ്കിൽ മനുഷ്യരാശിയുടെ അവസാനത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരും. അത്കൊണ്ട് ഈ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ട്, പ്രഖ്യാപനങ്ങളിലൊതുക്കാതെ, കൃത്യമായ നടപടികളുമായി മുന്നോട്ട് പോകേണ്ട സമയമാണിത്.

courtesy:nerdist.com,atlantismagazine.net