തൊഴിലുകളുടെ ഭാവിയെന്ത്?
തൊഴിലിന്റെ ഭാവിയെ സംബന്ധിച്ച് നിരന്തരം ലോകം ചർച്ചചെയ്തുകൊണ്ടിരിക്കയാണ്. രാഷ്ട്രീയ നേതാക്കന്മാരായാലും, സാമ്പത്തിക വിദഗ്ധരായാലും, ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരായാലും, തൊഴിൽ സാധ്യതകളും, അതിന്റെ ഭാവിയും എങ്ങനെയാകും, എന്തൊക്കെ നയങ്ങളാണ് രൂപീകരിക്കേണ്ടത് എന്നതിനെപ്പറ്റി കൂലംകഷമായ ചർച്ചയിലാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ അസാധാരണമായ വളർച്ച മൂലം സാധാരണക്കാർക്കിടയിലും തങ്ങളുടെ ജോലിയെപ്രതി നിരവധി ചോദ്യങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്.
രാഷ്ട്രീയനേതാക്കന്മാരും, വ്യവസായികളും, മറ്റ് രംഗങ്ങളിലെ പ്രമുഖരും ലോകത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വേദിയാണ് വേൾഡ് ഇക്കണോമിക് ഫോറം. നമ്മുടെ സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന പ്രശസ്തമായ ഈ സംഘടനയുടെ, തൊഴിലിന്റെ ഭാവിയെ സംബന്ധിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇനി വരാൻ പോകുന്ന അഞ്ച് വർഷം തൊഴിലിന്റെ സാധ്യതകളെന്താണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ എങ്ങനെ മനുഷ്യജീവിതത്തെ, തൊഴിൽസംസ്കാരത്തെ സ്വാധീനിക്കുന്നതെന്ന് വ്യക്തമായി വിവരിക്കുന്നു
വ്യവസായങ്ങളിൽ മനുഷ്യരേക്കാൾ കൂടുതൽ യന്ത്രങ്ങൾ ജോലി ചെയ്യുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏതാണ്ട് 2025 ആകുമ്പോഴേക്കും ഈയൊരു അവസ്ഥ സംജാതമാകും. നിലവിലുള്ള തൊഴിലുകളിൽ 42 ശതമാനം ജോലികളും 2022 ഓടെ യന്ത്രങ്ങൾ കയ്യടക്കും. നിലവിൽ 29 ശതമാനം ജോലികളേ യന്ത്രവൽക്കരിക്കപ്പെട്ടിട്ടുള്ളൂ. ഇപ്പോൾ 71 ശതമാനം ജോലികളും ചെയ്യുന്നത് മനുഷ്യരാണ്. എന്നാൽ 2022 ൽ ഇത് 58 ആയി ചുരുങ്ങും. മറ്റൊരു വസ്തുത മുഴുവൻ സമയ-സ്ഥിരം തൊഴിലുകൾ ഭാവിയിൽ ഇല്ലാതാകും എന്നതാണ്. കമ്പനികൾ താൽക്കാലിക ജീവനക്കാരെയും, കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന സ്പെഷ്യലിസ്റ്റുകളെയും ഫ്രീലാൻസർമാരെയും ആയിരിക്കും കൂടുതൽ താല്പര്യപ്പെടുക. ബാക്കിയുള്ള ജോലി ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യും. ഇതോടുകൂടി സ്ഥിര ജീവനക്കാർ എന്ന വിഭാഗക്കാർ മെല്ലെ ഇല്ലാതാകുകയും ചെയ്യുന്നു.
ജോലി ചെയ്യുന്നതിൽ യന്ത്രങ്ങൾ മനുഷ്യനേക്കാൾ കഴിവ് സമ്പാദിക്കുമ്പോൾ വ്യവസായങ്ങൾ സ്വാഭാവികമായും ഓട്ടോമേഷന് കൂടുതൽ പ്രാധാന്യം നൽകും. യന്ത്രങ്ങൾക്കും മനുഷ്യർക്കുമിടയിൽ തൊഴിൽ വിഭജിക്കുമ്പോൾ ജോലിയിലെ സാധ്യത നഷ്ടപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മനുഷ്യർക്ക് പുതിയ നൈപുണ്യങ്ങൾ നേടേണ്ടതായി വരും. അതായത് സ്വന്തം ജോലി നിലനിർത്തുന്നതിനും, തൊഴിൽ നേടുന്നതിനും യന്ത്രങ്ങളുമായി മത്സരിക്കേണ്ട അവസ്ഥ. അതുകൊണ്ട് മനുഷ്യർ കാലത്തിനനുസരിച്ച് നൈപുണ്യങ്ങൾ പരിഷ്കരിക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്.
ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഉണ്ടാകുന്ന വികാസം മൂലം 75 ദശലക്ഷം ജോലികള്‍ മനുഷ്യര്‍ക്കു നഷ്ടപ്പെടും. എന്നാൽ ആശ്വസിക്കാനുള്ള വസ്തുതയെന്തെന്നാൽ പുതുതായി 133 ദശലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെടും എന്നതാണ്. അതായത് 2022 ഓടെ ആകെ ജോലികളില്‍ 58 ദശലക്ഷത്തിന്റെ വര്‍ധന സംഭവിക്കും. മനുഷ്യർ കൂടുതൽ മേഖലകളിൽ വൈദഗ്ധ്യം നേടിയാൽ ഈ മാറ്റത്തെ ഭയപ്പെടേണ്ടതില്ല. ഇനി തൊഴിലുകളുടെ സ്ഥിതി നോക്കുക. അക്കൗണ്ടിങ്, ക്ലയന്റ് മാനേജ്മെന്റ്, വ്യവസായിക, തപാല്‍, സെക്രട്ടേറിയല്‍ രംഗങ്ങളില്‍ മനുഷ്യര്‍ക്കു പകരം റോബോട്ടുകള്‍ താമസമില്ലാതെ ഇടം പിടിക്കുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. മാനുഷിക നൈപുണ്യങ്ങള്‍ ആവശ്യമുള്ള വില്‍പന, വിപണന, കസ്റ്റമര്‍ സേവന, ഇകൊമേഴ്സ്, സാമൂഹിക മാധ്യമ അനുബന്ധ ജോലികള്‍ക്ക് ആവശ്യക്കാർ അധികം വേണം. മാത്രമല്ല ഏവിയേഷന്‍, ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ 2022നകം വലിയ തോതിലുള്ള മാറ്റം ആവശ്യമായി വരുകയും ചെയ്യും.
തൊഴിലിന്റെ ഭാവിയെന്ന വിഷയത്തെക്കുറിച്ച് ഗൗരകരമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഈ വസ്തുതകൾ പ്രധാനപ്പെട്ടതാണ്. കാരണം സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെപ്പോലെ ചിന്തിക്കയും, മനുഷ്യനെപ്പോലെ പ്രവർത്തിക്കയും ചെയ്യുന്ന യന്ത്രങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. അവ തൊഴിൽജീവിതത്തെയും, തൊഴിൽ സംസ്കാരത്തെയും വിപ്ലവകരമായ രീതിയിൽ മാറ്റത്തിന് വിധേയമാക്കുന്നുണ്ട്. കാലത്തിനനുസരിച്ച് നൈപുണ്യം നേടിയെടുക്കുന്നതിലും മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് മേൽപ്പറഞ്ഞ പ്രധാന വസ്തുതകൾ ഇവിടെ കുറിക്കട്ടെ
- മുഴുവൻ സമയ സ്ഥിരജോലി എന്നത് സാവധാനത്തിൽ ഇല്ലാതാകും.
- തൊഴിൽ യന്ത്രങ്ങൾക്കും മനുഷ്യർക്കുമിടയിൽ വിഭജിക്കേണ്ട അവസ്ഥയുണ്ടാകും.
- ഓട്ടോമേഷൻ മൂലം ജോലി നഷ്ട്ടപ്പെടുന്നതോടൊപ്പം പുതിയ ജോലി സാധ്യതകൾ സൃഷ്ടിക്കയും ചെയ്യും
- സാങ്കേതികവിദ്യ വിവിധ തൊഴിൽ മേഖലകളിൽ വ്യത്യസ്തമായ സ്വാധീനമാണ് സൃഷ്ടിക്കുന്നത്
- ശാസ്ത്രസാങ്കേതിക വിദ്യയെക്കുറിച്ച് വ്യക്തമായ അറിവും, അവയിൽ വൈദഗ്ധ്യവും നേടിയെടുക്കേണ്ടതുണ്ട്.
ഈ വസ്തുതകളെല്ലാം ഒരു വിചിത്രകല്പനയായി കണക്കാക്കി തള്ളിക്കളയേണ്ടതല്ല. വളരെ ശ്രദ്ധയോടെ മനസ്സിലാക്കുകയും ഗൗരകരമായി പരിഗണിക്കുകയും ചെയ്യണം. കാരണം സാങ്കേതികവിദ്യ അത്ര വേഗത്തിലാണ് മുന്നേറുന്നതും, ലോകത്തെ മാറ്റുന്നതും. ഈ മാറ്റങ്ങളെയെല്ലാം ആശ്ലേഷിക്കാനും, അതിനെ വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കണം. എന്നാൽ മാത്രമേ ലോകത്തിന് ശോഭനമാർന്ന ഭാവി ഉണ്ടാകുകയുള്ളൂ. അങ്ങനെയൊരു ഭാവി സൃഷ്ടിച്ചെടുക്കാൻ നേതാക്കന്മാർ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങളും പരസ്പരം കൈകോർത്ത് സഞ്ചരിക്കേണ്ടതുണ്ട്.