എ ലൈഫ് വിതൗട്ട് ലിമിറ്റ്സ്
ജീവിതത്തിൽ ചെറിയ പരാജയങ്ങളോ വീഴ്ചകളോ സംഭവിച്ചാൽ ഇതെല്ലം എന്റെ വിധിയാണെന്ന് പറഞ്ഞു നിരാശരാകുകയും, എല്ലാറ്റിലും നിന്ന് ഉൾവലിയുകയും ചെയ്ത് ജീവിതം മുന്നോട്ടു നയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം ചെറിയ പ്രശ്നങ്ങൾ വലിയ മാനസിക സംഘർഷങ്ങളിലേക്കാണ് ആളുകളെ കൊണ്ടെത്തിക്കുന്നത്. ഒരാൾ ശാരീരികമായ വൈകല്യങ്ങളോടുകൂടിയാണ് ജനിക്കുന്നതെങ്കിൽ ആത്മസംഘർഷങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയേ ചെയൂ. കാരണം വൈകല്യമുള്ളവരെ സമൂഹം മാറ്റി നിർത്തുന്ന അവസ്ഥയാണ് കാലങ്ങളായി തുടരുന്നത്. എന്തുകൊണ്ടോ പൂർണ്ണമനസ്സോടെ അവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളപോലെ. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന്, സമൂഹത്തിന്റെ എല്ലാ മാറ്റിനിർത്തലുകൾക്കും പിടികൊടുക്കാതെ ലോകത്തിന് മുഴുവൻ പ്രചോദനമേകി ജീവിച്ച, ജീവിക്കുന്ന അപൂർവം വ്യക്തികളുണ്ട്. അവരിൽ ഒരാളാണ് സെർബിയൻ വംശജനും, ആസ്ട്രേലിയൻ സ്വദേശിയുമായ നിക്കോളാസ് ജെയിംസ് വുജിസിക് എന്ന നിക്ക് വുജിസിക്.
സെര്ബിയയില്നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ പാസ്റ്റര് ബോറിസ് വൊയേചിക്കിന്റെയും നഴ്സായ ദുഷ്കയുടെയും ആദ്യ ആണ്തരിയായി 1982 ഡിസംബർ 4 ന് ഓസ്ട്രേലിയയിൽ നിക് പിറന്നു. പക്ഷേ, ക്രിസ്മസ് ആഘോഷവേളയിൽ ഭൂമിയിലേക്കുവന്ന നിക്കിന്റെ രൂപംകണ്ട് അച്ഛനമ്മമാര് ഞെട്ടിത്തരിച്ചു. അവന് ഫോകോമിലിയ അഥവാ ടെട്രാ അമീലിയ സിൻഡ്രോം ആയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ മകന് മറ്റ് അവയവങ്ങള് ഒന്നും ഇല്ലെന്നും, കൈകാലുകളില്ലാതെ, തലയും ഉദരവുമുള്ള ഒരു മാംസപിണ്ഡം മാത്രമാണെന്നും മനസിലായതോടെ ആ ദമ്പതികള് തകര്ന്നുപോയി! അപൂര്വതകളിലെ അത്യപൂര്വതയായി ഒരു ജീവൻ. മറ്റുള്ളവരുടെ കൈകൾ പിടിക്കാനോ, നടക്കാനോ, ഒന്ന് തൊടുവാനോ പോലും കഴിയാത്ത ജീവിതം! ബോറിസും, ദുഷ്ക്കയും മകന്റെ ഈ അവസ്ഥ കണ്ടതുമൂലമുണ്ടായ മാനസികാവസ്ഥയിൽ നിന്ന് മുക്തരാവാന് ഏറെ നാളുകള് എടുത്തു. തങ്ങളുടെ മകന് ഇങ്ങനെയൊരു ദുരന്തം കണ്ട് ആ മാതാപിതാക്കള് ഒരുപാട് വേദനിച്ചെന്കിലും പിന്നീട് അവന്റെ പരിചരണത്തിനും, വളർച്ചയ്ക്കുമായി അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.
കൈകാലുകളില്ലാത്ത
മകന് പഠന സൗകര്യങ്ങൾ മാതാപിതാക്കൾ ഒരുക്കിയിരുന്നു. എന്നാൽ കൈകാലുകളില്ലാത്ത ഈ അപൂർവ
രൂപം കണ്ട കുട്ടികൾ അത്ഭുതപ്പെട്ടു. അധികം വൈകാതെതന്നെ നിക്ക് സ്കൂളിലെ ഒരു കൗതുകകാഴ്ചയായി
മാറി. കൂട്ടുകാരിൽ നിന്നും മറ്റും ഏറെ പരിഹാസം ആ വിദ്യാർത്ഥിക്ക് നേടേണ്ടിവന്നു. എങ്ങനെ
ജീവിതം മുന്നോട്ടു നയിക്കും എന്ന ആശങ്കയിൽ കഴിഞ്ഞ ദിനങ്ങളായിരുന്നു നിക്കിന് അവ. വൈകല്യം
മൂലം ഉണ്ടാകുന്ന പരിഹാസങ്ങളും അപമാനവും സഹിക്കാൻ വയ്യാതെ ഒടുവിൽ ജീവനൊടുക്കാൻ വരെ തീരുമാനിക്കുകയുണ്ടായി.
എന്നാൽ എല്ലാ ആത്മഹത്യാശ്രമങ്ങളും പരാജയപ്പെട്ടു.പിന്നീട് മാതാപിതാക്കളുടെ പിന്തുണയുടെ
അടിസ്ഥാനത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കി. ഈ ലോകം വൈകല്യമുള്ളവക്ക് പറഞ്ഞുവച്ചതല്ല എന്ന
വിശ്വസിച്ച നിക്കിന്റെ ജീവിതത്തിൽ മാറ്റം സംഭവിക്കുകയുണ്ടായി. വീട്ടുകാരുടെയും മറ്റുമുള്ള
പിന്തുണയോടെ വിജയത്തിന്റെ പാതയിലേക്ക് യാത്ര നടത്താനുള്ള ശ്രമം തുടങ്ങി. ഇരുപത്തിയൊന്നാം
വയസ്സിൽ ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് സർവ്വകലാശായിൽ നിന്ന് കോമേഴ്സിൽ ബിരുദം നേടിയെടുക്കുമ്പോൾ നിക്കിന്റെ
മനസ്സിൽ പ്രത്യാശയുടെ പുതിയ നാൾവഴികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.