ചിന്തയെ ജ്വലിപ്പിക്കുന്ന പുസ്തകങ്ങൾ

മനുഷ്യന്റെ ഭൂത-ഭാവി-വർത്തമാന കാലങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കാൻ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന ചിന്തകനാണ് ഇസ്രായേലി ചരിതകാരനായ യുവാൽ നോഹ ഹരാരി. നാല് വർഷങ്ങൾക്ക് മുൻപ്, ഇസ്രായേലിലെ ഹീഭ്രൂ സർവകലാശാലയിലെ ഒരു സാധാരണ ചരിത്ര പ്രൊഫസറായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ചിന്തകരിൽ ഒരാളായി മാറിയിരിക്കുന്നു. അദ്ദേഹം 2014ൽ എഴുതിയ  സാപ്പിയന്സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്കൈന്റ് എന്ന പുസ്തകം ലോകം  മുഴുവൻ ചർച്ചചെയ്യപ്പെട്ടു. ഏതാണ്ട് 40 ലധികം ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ വരെ ഈ പുസ്തകത്തെ പ്രകീർത്തിച്ചു സംസാരിക്കുകയുണ്ടായി. രണ്ട് വർഷങ്ങൾക്ക് ശേഷം , 2016ൽ പുറത്തിറങ്ങിയ ഹോമോ ഡ്യൂസ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്ന പുസ്തകവും ഏറെ ജനശ്രദ്ധയാകർഷിച്ചു. അതിന് ശേഷം ഈ വർഷം പുറത്തിറങ്ങിയ ട്വൻറി വൺ ലെസ്സൺസ് ഫോർ ട്വൻറി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തവും ഇന്ന് വലിയ സംവാദങ്ങൾക്ക് തുടക്കമിട്ട്, ആശയങ്ങളുടെ പ്രകാശഗോപുരം തീർത്ത് മുന്നേറുകയാണ്.

എഴുപതിനായിരം വർഷങ്ങൾക്ക് മുന്പ് കഴുതയെയും കടുവയെയും കുരങ്ങനെയും മറ്റേത് ജീവിയേയും പോലെ ഒരു ജീവി മാത്രമായിരുന്ന മനുഷ്യൻ എങ്ങനെയാണ് ലോകം മുഴുവൻ നിയന്ത്രിക്കുന്ന വർഗ്ഗമെന്ന സ്ഥാനം നേടിയെടുത്തത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഹരാരി തന്റെ ആദ്യ പുസ്തകമായ സാപ്പിയന്സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്കൈന്റ് ലൂടെ ചെയ്യുന്നത്.  സങ്കല്പ്പത്തില് മാത്രമുള്ള കാര്യങ്ങള് കൂട്ടായി വിശ്വസിക്കാന് കഴിവുള്ള ഒരേ ഒരു മൃഗമായതുകൊണ്ടാണ് മനുഷ്യൻ ലോകം ഭരിക്കുന്നതിന്റെ ഒരു പ്രധാന കാരണമെന്ന് യുവാല് നോവ ഹരാരി പറയുന്നു. ദൈവം, രാജ്യം, പണം, മതം, നിയമം, മനുഷ്യാവകാശം എന്നിങ്ങനെ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെല്ലാം മനുഷ്യന്റെ ഭാവനയില് മാത്രമുള്ള കാര്യങ്ങളാണ്. ഒരു പഴം കുരങ്ങന്റെ കയ്യിൽ കൊടുത്തിട്ട് അത് കഴിക്കാനുള്ളതാണെന്ന് കുരങ്ങനെ പറഞ്ഞ് മനസിലാക്കാം. എന്നാല് ഇന്ന് ഒരു പഴം മാറ്റിവയ്ക്കുകയാണെങ്കിൽ മരണ ശേഷം സ്വര്ഗത്തില് ചെല്ലുമ്പോള് പഴത്തോട്ടം തന്നെ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞാല് കുരങ്ങന് ഒരിക്കലും സ്വീകരിക്കാൻ പോകുന്നില്ല. അത് വിശ്വസിക്കുന്ന ഒറ്റ മൃഗമേയുള്ളു ഭൂമിയിലുള്ളൂ. ഹോമോ സാപിയന്സ് എന്ന നാമമുള്ള മനുഷ്യവംശം.


ലോകത്ത് നിലനിൽക്കുന്ന ധാരണകളെ എല്ലാം കീഴ്മേൽ മറിച്ചുകൊണ്ടുള്ള ഉജ്ജ്വലമായ നിരീക്ഷണങ്ങളായിരുന്നു ഹരാരി ഈ ഗ്രന്ഥത്തിലൂടെ നടത്തിയത്. ഹോമോ സാപ്പിയന്സും മറ്റു ജീവികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്താണ്. ചരിത്രത്തില് നീതിയുണ്ടോ, കൃഷി എന്ന സൃഷ്ടി മനുഷ്യ ജീവിതത്തെ നാശത്തിലേക്ക് നയിക്കുകയാണോ ചെയ്തത്, ചരിത്രത്തിൽ നടന്നിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യന് ഗുണം ചെയ്തിട്ടുണ്ടോ? ശാസ്ത്രത്തിന്റെ വളർച്ച നടന്നതെങ്ങനെ, മനുഷ്യൻ യഥാർത്ഥത്തിൽ സന്തോഷവാനാണോ  എന്നിങ്ങനെ നിരവധി ചോദ്യങ്ങളുന്നയിക്കുകയാണ് ഹരാരി ഈ പുസ്തകത്തിലൂടെ. ചരിത്രത്തെ ചികഞ്ഞുപിടിച്ചുകൊണ്ട് മനോഹരമായ എഴുത്തിലൂടെയാണ് ഹരാരി തന്റെ ആശയങ്ങള് അവതരിപ്പിക്കുന്നത്. ഈ പുസ്തകം യഥാർത്ഥത്തിൽ ജീവി വര്ഗങ്ങളുടെ ചരിത്രം തന്നെയാണ്. ചരിത്രത്തില് എന്തു സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നത് മാത്രമല്ല അവ മനുഷ്യന് എങ്ങനെയാണ് അനുഭവപ്പെട്ടത്, മനുഷ്യനിൽ അവ സൃഷ്ടിച്ച മാറ്റങ്ങൾ ഗുണകരമായ ദിശയിലേക്ക് അവനെ കൊണ്ടെത്തിച്ചിട്ടുണ്ടോ എന്ന അവലോകനം കൂടി ഇതിൽ ചെയ്യപ്പെടുന്നുണ്ട്.

മനുഷ്യവര്ഗം എങ്ങനെയാണ് ഭൂമിയെ  ഭരിക്കുന്ന തലത്തിലേക്കെന്ന് ആദ്യപുസ്തകം പറയുമ്പോള് നമ്മുടെ ഭാവിയെക്കുറിച്ചാണ് രണ്ടാം പുസ്തകം പ്രതിപാദിക്കുന്നത്.ശാസ്ത്രവും തത്വജ്ഞാനവും ചരിത്രവും ചേർത്തുള്ള അന്വേഷണങ്ങളാണ് ഇതിലുള്ളത്. പട്ടിണി, രോഗം, യുദ്ധം എന്നിവയെ കഴിഞ്ഞ നൂറ്റാണ്ടോടെ മനുഷ്യന് നിയന്ത്രിച്ചു കഴിഞ്ഞു. എന്നാൽ ഇന്ന് ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കാള് എത്രയോ കൂടുതലാണ് അമിത ഭക്ഷണം മൂലമുള്ള രോഗങ്ങളാല് മരിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന ആളുകളാണ് യുദ്ധത്തില് മരിക്കുന്നതിനെക്കാള് കൂടുതലുള്ളത്. അങ്ങനെ ശാസ്ത്ര സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ച സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യന്റെ ഭാവി എന്താകും? അവൻ എന്ത് ലക്ഷ്യങ്ങളാണ് ഇനി സാക്ഷാത്കരിക്കാനുള്ളത്? ഹരാരിയുടെ അഭിപ്രായത്തില് മൂന്ന് ലക്ഷ്യങ്ങള്ക്ക് വേണ്ടിയായിരിക്കും മനുഷ്യന്റെ ഭാവി പടുത്തുയർത്താൻ പോകുന്നത്. മരണത്തെ അതിജീവിക്കുക,  സന്തോഷം കൈവരിക്കുക, പിന്നെ സ്വയം ദൈവം തന്നെയായി മാറുക.മനുഷ്യന്റെ ശരാശരി ആയുര് ദൈര്ഘ്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരട്ടിയോളമാക്കാൻ വൈദ്യശാസ്ത്രം സഹായിച്ചിട്ടുണ്ട്. അത് ഇനിയും വർധിക്കുക തന്നെ ചെയ്യും. മറ്റൊന്ന് സന്തോഷമാണ്. സന്തോഷമെന്നാല് ഹോര്മോണുകള് ശരീര രസതന്ത്രത്തിലുണ്ടാകുന്ന മാറ്റങ്ങള് ആണെന്ന് ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. അതുകൊണ്ട് ശരീരത്തിന്റെ കെമിസ്ട്രിയെ കൃത്യമായി കൈകാര്യം ചെയാൻ സാധിച്ചാൽ സന്തോഷം സൃഷ്ടിക്കാൻ കഴിയും. മറ്റൊന്ന് സ്വയം ദൈവമായി മാറുക എന്ന ലക്ഷ്യമാണ്. സാങ്കേതിക വിദ്യ വികസിപ്പിച്ച് ദൈവതുല്യനായ സൂപ്പര് ഹ്യൂമനെയും മനുഷ്യന് സൃഷ്ടിക്കാൻ സാധിക്കുമെന്നും ഹരാരി വ്യക്തമാക്കുന്നു. ഡാറ്റയും അൽഗോരിതവും വലിയ ആയുധമായി മാറുന്ന, മനുഷ്യനെക്കാളേറെ പ്രാധാന്യമുള്ള വസ്തുക്കളായി മാറുന്ന സ്ഥിതിവിശേഷം. എന്തുകൊണ്ടും വെല്ലുവിളികൾ നിറഞ്ഞ ഒരു ഭാവിയാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നതെന്ന് ഹരാരി പുസ്തകത്തിൽ വിവരിക്കുന്നു. 


ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ' ട്വൻറി വൺ ലെസ്സൺസ് ഫോർ ട്വൻറി ഫസ്റ്റ് സെഞ്ച്വറി ' ഈ നൂറ്റാണ്ട് ഇപ്പോള് നേരിടുന്ന ഏറ്റവും പ്രാധാന്യമേറിയ ചോദ്യങ്ങള്ക്ക് ഉത്തരം തേടാനുള്ള  ശ്രമത്തിലാണ് അദ്ദേഹം. ഡൊണാൾഡ് ട്രംപും ദേശീയതയും വ്യാജ വാര്ത്തയും കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവുമെല്ലാം ‘ഈ പുസ്തകത്തിൽ പ്രതിപാദ്യവിഷയമാകുന്നു. ഇതിനോടകം തന്നെ തന്റെ കഴിഞ്ഞ രണ്ട് പുസ്തകങ്ങൾക്ക് ലഭിച്ച ജനപ്രീതി ഈ പുതിയ പുസ്തകത്തിനും ലഭിച്ചുകൊണ്ടിരിക്കയാണ്. തന്റെ ഈ നിരീക്ഷണങ്ങളെല്ലാം അദ്ദേഹം പ്രവചനങ്ങളായിട്ടല്ല കരുതുന്നത്. അവ ഭാവിയിൽ സംഭവിച്ചേക്കാവുന്ന സാധ്യതകള് മാത്രമാണെന്ന് ഹരാരി പറയുന്നു.  '“We should never underestimate human stupidity. Both on the personal and on the collective level, humans are prone to engage in self-destructive activities.” മനുഷ്യന്റെ അവിവേകത്തെ ഒരിക്കലും വിലകുറച്ച് കാണരുത്' എന്ന സന്ദേശം യുവാൽ ഈ പുസ്തകത്തിൽ  വിവരിക്കുന്നുണ്ട്. 

ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ ഈ ചരിത്ര പ്രൊഫസർ ഇന്ന് ലോകം മുഴുവൻ തന്റെ എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും മനുഷ്യന്റെ ചിന്തയെ മാറ്റിമറയ്ക്കുകയുണ്. ഈ നിരീക്ഷണങ്ങൾ, വ്യത്യസ്തമായി ചിന്തിക്കാനും, ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളെ സ്പഷ്ടമായി കാണാനും, വെല്ലുവിളികളാൽ സമ്പന്നമായ ഭാവിയെ നേരിടാനും മനുഷ്യൻ എങ്ങനെ സജ്ജമാകാണാമെന്ന ചർച്ചകൾക്ക് വഴിതെളിയിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന, മഹത്തായ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും വായിക്കേണ്ടത് ഈ മൂന്ന് പുസ്തകങ്ങൾ.