പൊതുസംവാദങ്ങളിൽ ഒരു മാറ്റം അനിവാര്യമല്ലേ ?

“There’s so much grey to every story – nothing is so black and white.” നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാക്യമാണിത്. ഏതൊരു വിഷയമെടുത്താലും അതിന് നിരവധി മാനങ്ങളുണ്ടെന്നും, അതിന്റെ ആഴത്തിലുള്ള തലങ്ങളെ സ്പർശിച്ചുകൊണ്ട് വേണം ഒരു വിലയിരുത്തൽ നടത്തേണ്ടതെന്നും ഇതിൽ നിന്ന് മനസിലാക്കാം. എന്നാൽ നമ്മുടെ സംവാദങ്ങളെല്ലാം കാണുമ്പോൾ നമുക്ക് ഈ അറിവ് അന്യമായിപ്പോയി എന്ന് തോന്നലാണ് ഉളവാക്കുന്നത്. നമ്മുടെ പൊതു സംവാദരീതി വളരെയധികം ധ്രുവീകൃത സ്വഭാവം(Polarized) കൈവരിച്ചിരിക്കുന്നു എന്നത് നിരന്തരമായി മാധ്യമ ചർച്ചകളും, സോഷ്യൽ മീഡിയയിലെ സംവാദങ്ങളും കാണുന്ന ഓരോ വ്യക്തിക്കും മനസ്സിലാകും. എക്സ്സ്ട്രീം ആയിട്ടുള്ള വീക്ഷണങ്ങളുടെ ബാലിശവും, വികലവുമായ തമ്മിൽത്തല്ല് എന്നതല്ലാതെ, ക്രിയാത്മകമായ ഒന്നും തന്നെ ഭൂരിഭാഗം വരുന്ന ഇത്തരം പൊതുസംവാദങ്ങളിൽ കാണാൻ സാധിക്കുകയില്ല. ഏത് വിഷയമെടുത്താലും അതിന്റെ ആഴത്തിലേക്കിറങ്ങാതെ, വസ്തുതകളെ വളരെ ഉപരിപ്ലവമായി(superficial) മാത്രം സമീപിക്കുന്ന ഒരു രീതി. സൂക്ഷ്മഭേദങ്ങൾക്ക്(Nuances) യാതൊരു സ്ഥാനവുമില്ലാത്ത ഒരവസ്ഥ. അവനവന്റെ വിശ്വാസങ്ങളോടുള്ള അടുപ്പം മൂലം, ഒന്നിനെയും സ്പഷ്ടമായി കാണാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

നിങ്ങൾ കാണുന്ന കാര്യങ്ങളൊക്കെ വിശ്വസിക്കുന്നു. നിർഭാഗ്യത്തിന് നിങ്ങൾ കാണുന്നത്, മറ്റുള്ളവർ അവരുടെ വിശ്വാസങ്ങൾക്കനുസൃതമായി എഴുതിയ/പറഞ്ഞ കാര്യങ്ങളാണ്. വിശ്വാസങ്ങൾ, അതൊരു പ്രത്യേക മത/രാഷ്ട്രീയ/സാമൂഹിക/സാംസ്കാരിക ആശയത്തിലോ ഐഡിയോളജിയിലോ ആയാലും നമ്മുടെ കാഴ്ചയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്, നമ്മളറിയാതെ തന്നെ. ഈ വിശ്വാസങ്ങളുടെ ഇടപെടൽ മൂലം സത്യത്തെ യാഥാർഥ്യത്തെ, വസ്തുതയെ കാണുന്നതിൽ/മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കയും ചെയ്യുന്നു. ഒരു വ്യക്തിയുമായോ, ആശയവുമായയോ പ്രത്യശാസ്ത്രവുമായോ Identify ചെയ്യുമ്പോൾ, ആ Identityയെ ശക്തമായി മുറുകെപ്പിടിക്കുമ്പോൾ ഉണ്ടാവുന്ന മുൻവിധികളും, പക്ഷപാതവും, നിറഞ്ഞ, ഏകപക്ഷീയമായ പ്രതികരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സംവാദങ്ങളുടെ നിലവാരത്തകർച്ചയിൽ നിന്ന് കരകയറാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. കേൾക്കുന്നതോ കാണുന്നതോ ആയ വിവരങ്ങളിലും, വാർത്തകളിലും എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന് ഒരിക്കലെങ്കിലും ഒന്നന്വേഷിക്കാൻ നാം തയ്യാറാകണം. നമ്മുടെ വിശ്വാസങ്ങളുമായി യോജിപ്പുള്ള കാര്യങ്ങൾ കേൾക്കുമ്പോ നാം സംതൃപ്തരാകുകയും, തിരിച്ചാണെങ്കിൽ ശക്തമായി എതിർപ്പും, നിഷേധാത്മക മനോഭാവവും പ്രകടിപ്പിക്കയും ചെയുന്നു. വിശ്വാസം തീവ്രമാണെങ്കിൽ അസഹിഷ്ണുതയും, വെറുപ്പും ഉളവാക്കുന്നവിധത്തിലുള്ള പ്രതികരണങ്ങളുമായി വരുന്നു. ഒരെതിരഭിപ്രായത്തെ ബഹുമാനത്തോടെ നോക്കികാണാനുള്ള മിനിമം മാന്യത പോലും നമ്മുടെ പൊതു സംവാദങ്ങളിൽ കാണിക്കാറില്ല. മാത്രമല്ല വസ്തുതാപരമായി, ബഹുമാനത്തോടെ സംവദിക്കാനുള്ള ശേഷി നഷ്ട്ടപ്പെടുമ്പോൾ മറ്റുള്ളവരെ 'ലേബൽ' ചെയ്ത് പരിഹസിച്ചുകൊണ്ട് സ്വയം തടിതപ്പുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾ മാത്രമല്ല, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 'സെലിബ്രിറ്റി' പട്ടമുള്ള ഒരുപാട് മഹത് വ്യക്തിത്വങ്ങളും വ്യത്യസ്ഥരല്ല. ഇവരുടെ പ്രതികരണങ്ങളും, ചെയ്തികളും ജനതയിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു പ്രത്യേക മേഖലയിൽ മികച്ച വൈദഗ്ധ്യം ഉണ്ടെന്നല്ലാതെ, ജീവിതത്തിന്റെ നിലവാരം നോക്കുമ്പോൾ സാധാരണക്കാരേണ്ടതുപോലെയോ, അതോ അതിലും താഴ്ന്ന നിലയിലുള്ളതോ ആയിരിക്കും ഭൂരിഭാഗം വ്യക്തികളുടേതും. ഇക്കാരണങ്ങൾകൊണ്ട്തന്നെ, അങ്ങേയറ്റം പോളറൈസ്ഡ് ആയ ഈ പൊതു സംവാദവേദികളിൽ പോസിറ്റീവായ ഒരു മാറ്റത്തിന് സാധ്യത നിലനിൽക്കുന്നുണ്ടോ എന്നത് നാം ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്.

കാഴ്ചയിലെ Distortions നെക്കുറിച്ച് അൽപ്പമെങ്കിലും ബോധവാന്മാരായ എത്ര ആളുകൾ സമൂഹത്തിലുണ്ട് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നമ്മുടെയെല്ലാം നിർഭാഗ്യത്തിന്, എന്ത് ചിന്തിക്കണം എന്ന് മാത്രമേ സമൂഹവും നമ്മെ പഠിപ്പിച്ചുള്ളൂ; എങ്ങനെ ചിന്തിക്കണം എന്ന് പഠനം ഒരിക്കലും നടന്നട്ടില്ല, അതിനുള്ള ശ്രമവുമില്ല. ലാഭകരമല്ലാത്തതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ നിലനിൽപ്പിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ ഈ ഉദ്യമത്തിന് വേണ്ടി ചെലവഴിക്കാനുള്ള സമയമോ ഊർജ്ജമോ ഇല്ലാത്തത് കാരണമാവാം അത് നടക്കാത്തോളം കാലം ക്രിയാത്മകമായ മാറ്റം സംഭവിക്കുമെന്ന് ധരിക്കരുത്. ചർച്ചകളിൽ ശരി തെറ്റ് എന്നീ 'Binary' കൾക്കപ്പുറം ഒരു ലോകമുണ്ടെന്ന് , ഒരു Middle Ground ന് സാധ്യതയുണ്ടെന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. വസ്തുതകൾ എന്താണ്, സത്യം എന്താണ് എന്നറിയാനുള്ള താല്പര്യം നാം സൃഷ്ടിച്ചെടുക്കണം. ഒരു Information കേൾക്കുന്ന മാത്രയിൽ തന്നെ ഒരൽപ്പം പോലും ചിന്തിക്കാതെ അവരവരുടെ Conditioningന് അനുസൃതമായി വെറുതെ പ്രതികരിക്കാതെ, ഏത് വിഷയമെടുത്താലും, കൂടുതൽ ആഴത്തിലേക്കിറങ്ങി ചെന്ന് അതിന്റെ യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമം നടത്തണം. അപ്പോൾ മാത്രമേ സ്പഷ്ടമായി വസ്തുതകളെ കാണാനും, പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്യാനും, ആ ചർച്ചകളിലൂടെ വ്യക്തികളുടെയും, സമൂഹത്തിന്റെയും ഗുണകരമായ മാറ്റത്തിന് വഴിതെളിയിയിക്കാനും നമുക്ക് സാധിക്കൂ.