ജാക്ക് മാ, ആരെയും പ്രചോദിപ്പിക്കുന്ന ജീവിതം

" പ്രൈമറി സ്‌കൂള്‍ പരീക്ഷകളില്‍ ഞാൻ രണ്ട് തവണ തോറ്റിട്ടുണ്ട്. മിഡില്‍ സ്‌കൂളില്‍ മൂന്ന് തവണയും പരാജയപ്പെട്ടു. പിന്നീട് പോലീസ് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ അവിടെയും തഴയപ്പെട്ടു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ അപേക്ഷിച്ചപ്പോൾ പത്ത് തവണയാണ് തഴയപ്പെട്ടത്. പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെ.എഫ്.സി ചൈനയിൽ വന്നപ്പോൾ ജോലിക്ക് അപേക്ഷിച്ചു. അന്ന് 24 പേരുണ്ടായിരുന്നതില്‍ 23 പേര്‍ക്കും ജോലി ലഭിച്ചിരുന്നു. ഞാൻ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. " ലോകത്തെ വിവിധ രംഗങ്ങളിലുള്ള പ്രമുഖ നേതാക്കൾ വർഷാവർഷം സമ്മേളിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വേദിയിൽ വച്ച് രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു പ്രശസ്ത ചൈനീസ് വ്യവസായി പറഞ്ഞ വരികളാണിത്.

 ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഏതാണ്ട് 36 ബില്യൺ ഡോളർ ആസ്തിയുള്ള വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസ്സുകാരൻ എന്ന നിലയിലേക്കുയർന്ന ജാക്ക് മാ ആണ് ഈ വാക്കുകളുടെ ഉടമ. 1964 സെപ്റ്റെംബർ 10ന് ചൈനയിലെ ജീജാങ് പ്രവിശ്യയിലെ ഹാങ്‌ചൗവിലാണ് മാ യുൻ ജനിച്ചത്. ചെറുപ്രായം മുതൽ തന്നെ ഇംഗ്ലീഷ് പരിശീലിച്ചു തുടങ്ങിയ മാ യുണിന്, തന്റെ പേര് വിളിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ഒരു വിദേശി നൽകിയ പേരാണ് ജാക്ക് മാ. ഹാങ്‌ചൗ ടീച്ചേർസ് ഇന്സ്ടിട്യൂട്ടിൽ (ഇപ്പോൾ ഹാങ്‌ചൗ നോർമൽ യൂണിവേഴ്സിറ്റി) നിന്നും ഇംഗ്ലീഷിൽ ബി.എ. ബിരുദം നേടിയ ജാക്ക്, ഒരു സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിരുന്നു. പിന്നീട് 2006 ൽ ബെയ്‌ജിംഗിലെ ഒരു ബിസിനസ് സ്കൂളിലും അദ്ദേഹം പഠിച്ചു. പിന്നീട് ജോലിക്കായി വിവിധ സ്ഥാപനങ്ങളുടെ വാതിലുകള്‍ കയറി ഇറങ്ങി. പക്ഷെ ആരും ഈ നാണം കുണുങ്ങിയായ ചൈനീസ് ചെറുപ്പക്കാരന് ജോലി കൊടുക്കുകയുണ്ടായില്ല.

 എന്നാല്‍ 90 കളുടെ മധ്യത്തിൽ മാ അമേരിക്കയിലേക്ക് പറന്നു. ഒരു ഹൈവേ പണിക്കായാണ് അദ്ദേഹം അമേരിക്കയിൽ എത്തുന്നത്. അന്ന് സിയാറ്റിലിൽ മായുടെ കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ നിന്നാണ് ഇന്റർനെറ്റിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ജാക്ക് മാ അറിയുന്നത്. തന്റെ സുഹൃത്തുക്കളെല്ലാം ടി വി കണ്ടും മറ്റ് പരിപാടികളിലേർപ്പെട്ടും സമയം കളയുമ്പോൾ അദ്ദേഹം ഇന്റർനെറ്റ് എന്ന ലോകത്തിൽ വ്യാപൃതനായിരുന്നു.  ഇന്റെര്‍നെറ്റില്‍ പേജ് ലോഡ് ആകാന്‍ മണിക്കൂറുകളോളം കാത്തിരിക്കാനും ജാക്ക് മായ്ക്ക് മടിയുണ്ടായിരുന്നില്ല. ഒരു വിഷയത്തെക്കുറിച്ച് തിരയുമ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലെ അറിവുകൾ ഇന്റർനെറ്റിൽ വന്നിരുന്നു. എന്നാൽ ചൈന എന്ന് സേര്‍ച്ച് ചെയ്ത ജാക്ക് മായ്ക്ക് അദ്ദേഹത്തിന്റെ രാജ്യത്തെക്കുറിച്ച് ഒരു റിസള്‍ട്ടുകളും ലഭിച്ചില്ല. അങ്ങനെയാണ് അന്ന് ചൈനീസ് തര്‍ജ്ജമകള്‍ നല്‍കുന്ന ഒരു വെബ്‌സൈറ്റ് സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹം തുടങ്ങിയത്. തുടങ്ങിയ സമയത്താണ് ഇമെയ്‌ലിനെക്കുറിച്ച് മാ അറിയുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഇ മെയിലുകള്‍ ലഭിക്കുകയുണ്ടായി. അവിടുന്നാണ് ജാക്ക് മാ ആലിബാബ തുടങ്ങിയത്.

 ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന തിരിച്ചറിവോടെയാണ് ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തുന്നത്. 1996-1997 ൽ ബന്ധുമിത്രാതികളിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങിക്കൊണ്ട് തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷെ, അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോവുകയും അവിടെ നിന്ന് മികച്ച പ്രതികരണം ലഭിക്കാത്തതിനാൽ ബെയ്‌ജിങ്‌ വിടുകയും ചെയ്തു. നിരാശയോടെ അദ്ദേഹം തിരിച്ചു തന്റെ നാടായ ഹാങ്ങ് ഷുവിലേക്ക് എത്തി. അങ്ങനെ 1999ൽ പതിനെട്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഹാങ്ങ് ഷുവിൽ ആലിബാബ ആരംഭിച്ചത്.

 പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ആലിബാബ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ വിപണന കമ്പനികളിലൊന്നായി മാറിയിരിക്കുന്നു. ദിവസംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ദശലക്ഷം ആളുകൾക്കാണ് ആലിബാബയിൽ ജോലി നൽകിയിട്ടുള്ളത്. നാലു വലിയ ക്യാംപസുകളാണ് ഇന്ന് ആലിബാബയ്ക്കുള്ളത്. കമ്പനി തുടങ്ങിയ സമയത്ത് ഈ ആശയം മുന്നോട്ട് വച്ചപ്പോൾ പലരും നെറ്റിചുളിക്കുകയാണുണ്ടായത്. എന്നാൽ, ഇന്ന് ലോകം ആകെ മാറിയിരിക്കുന്നു. ഇന്റർനെറ്റ് എന്നത് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കോടിക്കണക്കിനാളുകൾ ഇന്റർനെറ്റിലൂടെ നിയോപയോഗ സാധനങ്ങൾ വാങ്ങിക്കുന്നു. ഭാവിയിൽ ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി ഇ കോമേഴ്‌സ് മാറും എന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ജാക്ക് മായുടെ സ്വപ്നം.

 “ജീവിതം ഒരു ചോക്കലേറ്റ് നിറച്ച പെട്ടി പോലെയാണ്. അതില്‍ എതാണ് ലഭിക്കുകയെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല.” ഫോറസ്റ്റ് ഗമ്പ് എന്ന ടോം ഹാംഗ്‌സ് ചിത്രത്തിലെ സംഭാഷണം  അദ്ദേഹത്തിന് ഏറെ പ്രീയപ്പെട്ടതാണ്. കാരണം തന്റെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന വാക്കുകളാണിത്. ഒരു സാധാരണ അദ്ധ്യാപകനിൽ നിന്നും ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തനായ വ്യവസായിലേക്ക് ഉയർന്നതും, ഇപ്പോൾ തിരിച്ച്‌ അധ്യാപനത്തിന്റെ മേഖലയിലേക്ക് തിരിച്ചു പോകാനൊരുങ്ങുമ്പോഴും തന്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമാണ് ഈ നിലയിലേക്കെത്തിച്ചതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യുള്ള രാജ്യത്തെ 80 ശതമാനം ഓണ്‍ലൈന്‍ ബിസിനസ്സും, ഏതാണ്ട് 200 ലധികം രാജ്യങ്ങളിൽ വിപണവുമുള്ള വ്യവസായ സാമ്രാജ്യമാണ് ആലിബാബ എന്ന് പറയുമ്പോള്‍ മനസിലാക്കാം ജാക്ക് മായുടെ കഴിവും പ്രാപ്തിയും. അസാധ്യമായി ഒന്നും തന്നെയില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജാക്ക് മായുടെ ജീവിതം. കാലത്തിന് മുൻപേ സഞ്ചരിക്കാനും, തോൽവികളിൽ പതറാതിരിക്കാനും, താൻ സ്വപ്നം കണ്ടത് സാക്ഷാത്കരിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കാനും സാധിച്ചാൽ ജീവിതവിജയം സുനിശ്ചിതമാണെന്ന സന്ദേശമാണ് ജാക്ക് മായും അദ്ദേഹത്തിന്റെ ജീവിതവും ജനതയ്ക്ക് കാട്ടിത്തരുന്നത്.