കേരളത്തിന്റെ സ്വന്തം നാവികസേന

മഹാപ്രളയം കഴിഞ്ഞ് കേരള ജനത തിരിച്ച് ജീവിതത്തിലേക്ക് പിച്ച വച്ച് നടന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ കുറച്ചു നാളുകളിൽ ജനങ്ങളനുഭവിച്ച ഭീതി ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. എങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ആശ്വസിക്കാനും, സന്തോഷത്തോടെ സ്മരിക്കാനും കുറച്ചധികം ഓർമ്മകൾ എല്ലാവർക്കുമുണ്ടാകും, പ്രത്യേകിച്ച് രക്ഷാപ്രവർത്തനത്തിന്റെ കാര്യത്തിൽ. സർക്കാരുകളും, മിലിട്ടറിയും, മത്സ്യത്തൊഴിലാളികളും, സാധാരണക്കാരും എല്ലാം ഒത്തൊരുമിച്ചുകൊണ്ടുള്ള പ്രവർത്തനത്തിന്റെ ഫലമായി ഒരുപാട് ജീവനുകളെ രക്ഷപ്പെടുത്താൻ സാധിച്ചു. പരസ്പരം പഴിചാരാതെ അവനവന് ചെയ്യാൻ സാധിക്കുന്ന എല്ലാം ഓരോരുത്തരും ഭംഗിയായി ചെയ്തു. പ്രളയം ചരിത്രത്തിൽ രേഖപ്പെടുത്തിയപോലെ, അതിനെ കേരളജനത നേരിട്ടതും തീർച്ചയായി ചരിത്രമാകും.

ഇതിൽ പ്രത്യേകം എടുത്തു പറയേണ്ട പ്രവർത്തനം തീർച്ചയായും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായതാണ്. യാതൊരു പ്രതിഫലേച്ഛയും കൂടാതെ സ്വന്തം ജീവൻ പണയപ്പെടുത്തി അവർ പ്രവർത്തനത്തിനിറങ്ങി. ബോട്ടുകൾ പുറത്തിറക്കിയാൽ ഉണ്ടാകുന്ന കേടുപാടുകളെക്കുറിച്ച് തെല്ലും ചിന്തിക്കാതെ അവർ രക്ഷാപ്രവത്തനത്തിലേർപ്പെട്ടു. ഓരോ ജീവനേയും കരുതലോടെ ചേർത്തുപിടിച്ചു കരയിലെ ക്യാമ്പുകളിൽ അവർ എത്തിച്ചു. കുത്തൊലിച്ചുവരുന്ന വെള്ളപ്പാച്ചിലിനെ വകവയ്ക്കാതെ ഓരോ വീട്ടിലേക്കും ബോട്ടിൽ സഞ്ചരിച്ച ഇനി ആരെങ്കിലും ബാക്കിയുണ്ടോ എന്ന് അവർ തിരക്കി നടന്നു. മുഖമൂടികളില്ലാത്ത മനുഷ്യർ. ഒഴുക്കും കാലാവസ്ഥയും പ്രശ്നമാകാത്തവർ. നാട്ടുകാർക്കും, പോലീസുകാർക്കും, എന്തിന് സൈന്യത്തിന്പോലും സാധിക്കാത്ത വഴികളിലൂടെ അവർ കടന്നുപോയി. സാധിക്കുന്നത്രയും ആളുകളെ രക്ഷിക്കുകയും ചെയ്തു. മലപ്പുറത്തെ വേങ്ങരയിൽ പ്രളയദുരന്തത്തിനിടെ ബോട്ടിൽ കയറി രക്ഷപ്പെടാൻ വെള്ളത്തിൽ കമിഴ്ന്ന് കടന്ന് ശരീരം ചവിട്ടുപക്കിക്കൊടുത്ത ജെയ്സിൽ എന്ന വ്യക്തിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമായിരുന്നു അത്. ദേശിയ തലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഇവരുടെ പ്രവർത്തനത്തെ അംഗീകരികയുണ്ടായി. ലണ്ടനിലെ പ്രമുഖമായ ബിസിനസ്സ് ഹബ് ആയിട്ടുള്ള കാനറി വാർഫിൽ, റോയിട്ടേഴ്സ് മീഡിയ ഗ്രൂപ്പിന്റെ വാർത്ത സ്ക്രോൾ ചെയ്യുന്ന ഇടത്തിൽ മൽസ്യത്തൊഴിലാളികളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചെഴുതിയത് ഈ അംഗീകാരത്തിന്റെ വ്യാപ്തിയെ നമുക്ക് കാണിച്ചുതരുന്നു.

കേരളത്തിന്റെ തീരദേശത്ത് വിഴിഞ്ഞം മുതൽ മുനമ്പം വരെയുള്ള ഇടങ്ങളിൽ നിന്ന് ഏതാണ്ട് മൂവ്വായിരത്തോളം മത്സ്യത്തൊഴിലാളികളാണ് നൂറ് കണക്കിന് ബോട്ടുകളിൽ രക്ഷയ്ക്കായി എത്തിയത്. " ഏറ്റവും ശക്തമായ കാറ്റിനോടും, കോളിനോടും, തിരമാലകളോടും, യുദ്ധം ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങൾ, വെയിലത്തൊന്നും വാടില്ല ഞങ്ങൾ. വയറു വരിഞ്ഞു കെട്ടിയാണെങ്കിലും മറ്റുള്ളവന് നൽകും.." ഈ വാക്കുകളിൽ അവരുടെ സംസ്കാരം നിറഞ്ഞു നിൽക്കുന്നു. രക്ഷാപ്രവര്ത്തനങ്ങളില് ഏർപ്പെട്ട അവരുടെ വൈദഗ്ധ്യവും കർമനിരതയും എല്ലാവരും തീർച്ചയായും കണ്ടുപഠിക്കേണ്ടതും എഴുതിവെക്കേണ്ടതുമാണ്. വരും തലമുറയ്ക്ക് മാതൃകയാകേണ്ട കൈപ്പുസ്തകമായി മാറണം ഇവരുടെ പ്രവര്ത്തനങ്ങള്. എല്ലാ പ്രതീക്ഷകളും തെറ്റിച്ചു വരുന്ന തിരമാലകളെ സ്വന്തം ബുദ്ധിയും കായികബലവും കൊണ്ട് നേടിയ നേരിട്ടതിന്റെ അനുഭവങ്ങള് മാത്രമാണ് ഇവരുടെ കയ്യിലുള്ളത്.

പ്രളയം മൂലം നിരാലംബരായ അനവധി ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മത്സ്യത്തൊഴിലാളികളെ നാം ആദരിക്കേണ്ടതുണ്ട്. ദുരിതം നിറഞ്ഞുനിൽക്കുന്ന ജീവിതത്തിൽ, അന്നന്നത്തെ അന്നത്തിന് വേണ്ടി ദിവസവും പ്രകൃതിയുമായി മല്ലിട്ട് ജീവിതം കഴിച്ചുകൂട്ടുന്ന ഈ ജനതയെ നാം മിക്കപ്പോഴും ഓർക്കാറില്ല. ഒരു പ്രതിസന്ധി വരുമ്പോൾ മാത്രം അവരുടെ സഹായം തേടുകയും, ഉപയോഗം കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതിരിക്കയും ചെയ്യുന്ന അവസ്ഥ. ഇതിൽ ഒരു മാറ്റം സംഭവിക്കേണ്ടതുണ്ട്. തീർച്ചയായും സർക്കാരിന്റെ ഭാഗത്തുനിന്നും മറ്റു സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ ഒരു പോസിറ്റീവായ സമീപനം എടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.


ഒരു കാര്യം ഉറപ്പാണ്, മത്സ്യത്തൊഴിലാളികളുടെ കരുത്തും ത്യാഗസന്നദ്ധതയുമാണ് പല സ്ഥലങ്ങളുലും രക്ഷാപ്രവർത്തനത്തിന് കരുത്തായത്. ലോകത്തിന് തന്നെ മാതൃകയായ, മഹത്തായ സേവനമാണ് അവർ കാഴ്ചവച്ചത്. അതിൽ അവരെ അഭിനന്ദിക്കാതെ വയ്യ. അസാമാന്യ ധൈര്യവും, വെള്ളത്തിനെക്കുറിച്ചുള്ള അറിവും, പരിചയവും രക്ഷാപ്രവർത്തനത്തിന് മുതൽക്കൂട്ടായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ കേരളത്തിന്റെ സ്വന്തം നാവികസേന നടത്തിയ പ്രവർത്തനം ഓരോ മലയാളിയും സ്മരിക്കും. ആരുടേയും ക്ഷണം കാത്തുനിൽക്കാതെ ഏതോ സ്ഥലത്തുനിന്ന് പാഞ്ഞെത്തിയ ഈ കടലിന്റെ മക്കളോട് മലയാളി അളവറ്റ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.