സിനിമകളിലെ സ്ത്രീവിരുദ്ധത
ഒരു സിനിമ കാണാൻ തീരുമാനിക്കുകയാണെങ്കിൽ ഇനിമുതൽ എല്ലാവരും പറ്റുമെകിൽ ആദ്യം റിവ്യൂ വായിച്ചിട്ട് 'സ്ത്രീ വിരുദ്ധത' യുടെ അംശം അതിലുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കിൽ ആ സിനിമയെക്കുറിച്ച് ഇനി ചിന്തിക്കുകപോലും അരുത്. ഇല്ല എന്ന് ഉറപ്പാണെങ്കിൽ മുന്നോട്ടു പോകാം. ഇനി കാണാതിരിക്കാൻ സാധിക്കുകയില്ലെന്നാണ് തീരുമാനമെങ്കിൽ തീർച്ചയായും കാണുക. കണ്ടുകൊണ്ടിരിക്കുമ്പോൾ ഓരോ സംഭാഷണങ്ങളും, ഓരോ രംഗങ്ങളും ഇഴയിഴയായി പരിശോധിക്കണം. സാധിക്കുന്നവർ ഒരു ചെറിയ പേപ്പറും പേനയുമായും പോകുന്നത് നന്നായിരിക്കും. നടീ നടന്മാരുടെ അഭിനയമികവോ, സിനിമയെടുത്തിരിക്കുന്ന രീതിയോ , കഥയോ ഒന്നും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും 'സ്ത്രീ വിരുദ്ധത' അതിൽ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്.
സിനിമയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് വല്ല 'സൂപ്പർ താരങ്ങൾ' ആണെങ്കിൽ എന്തെങ്കിലും 'സ്ത്രീ വിരുദ്ധത' ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന ഒരു ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ധാരാളമായി 'സ്ത്രീ വിരുദ്ധ' അംശങ്ങൾ പ്രകടമാവുകയാണെങ്കിൽ ഇനി ഇത്തരം 'സ്ത്രീവിരുദ്ധ'രുടെ സിനിമകൾ കാണരുതെന്ന ഉറച്ച തീരുമാനം എടുക്കണം. സമയത്തിന് വലിയ വിലയായതുകൊണ്ട്, പറ്റുമെങ്കിൽ സിനിമ കഴിഞ്ഞിറങ്ങുന്ന ആ നിമിഷം തന്നെ തീരുമാനമെടുക്കണം. തീരുമാനം ഉറച്ചതായിരിക്കണം. പുരുഷാധിപത്യം നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കാൻ അക്ഷീണം, അനവരതം പ്രവർത്തിക്കുന്ന ഈ കലാകാരന്മാരുടെ പഴയകാല ചിത്രങ്ങളിലേക്ക് സാധിക്കുമെങ്കിൽ ഒന്ന് കണ്ണോടിക്കണം. എന്നിട്ട് പറ്റാവുന്നത്രയും സ്ത്രീവിരുദ്ധത കണ്ടെത്തി വെളിച്ചത്തുകൊണ്ടുവരണം. കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലൂടെ അവരിൽ ഉറങ്ങിക്കിടക്കുന്ന 'സ്ത്രീ വിരുദ്ധത'യാണ് പുറത്ത് വരുന്നത്.
സിനിമകളിൽ വർധിച്ചു വരുന്ന സ്ത്രീവിരുദ്ധതക്കെതിരെ പോരാടാൻ നിങ്ങൾ തയ്യാറാകണം. നിങ്ങളുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയണം. വീടിനുള്ളിലോ പൊതു ഇടങ്ങളിലോ ഉറക്കെ വിളിച്ചു പറഞ്ഞാൽ നിങ്ങൾക്ക് മാനസികമായ എന്തോ പ്രശ്നം ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നാൻ ഇടയുള്ളതിനാൽ, ഫേസ്ബുക്കിലോ മറ്റു പൊതുസംവാദ വേദികളിലോ പറയുന്നതായിരിക്കും അഭികാമ്യം. മാത്രമല്ല അതുകൊണ്ട് വേറെ ഗുണങ്ങളും ഉണ്ട്. 'നിങ്ങളോടൊപ്പം' നിൽക്കാൻ ആരെങ്കിലുമൊക്കെ വരാനിടയുണ്ട്. അതുകൂടാതെ ഈ അഭിപ്രായം പ്രകടിപ്പിച്ചാൽ നിങ്ങൾക്ക് അസാമാന്യ ധൈര്യത്തിനുള്ള അവാർഡും ലഭിക്കാനിടയുണ്ട്.
ജീർണിച്ച ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്തു സധൈര്യം മുന്നോട്ടു പോകുന്ന 'വിപ്ലവശിരോമണി'യായി അവരോധിക്കപ്പെട്ടതിൽ അന്തരംഗം അഭിമാനപൂരിതമാകാനും, സന്തോഷവും, സംതൃപ്തിയും, ആനന്ദനിർവൃതിയും ഒരുമിച്ചനുഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ നമുക്ക് പറ്റുകയില്ല. എല്ലാം കൊണ്ടും നല്ല ഒരു ഭാവിയാണ് ഇത്തരം ആളുകൾക്ക് വരാൻ പോകുന്നത്. സിനിമ വ്യവസായത്തിൽ മാത്രമല്ല, മൊത്തം സമൂഹത്തിലും ഇതിന്റെ ചലനങ്ങൾ പ്രതിഫലിക്കും. വെറുതെ ആസ്വദിച്ചും, അഭിനയമികവ് വിലയിരുത്തിയും, നന്മതിന്മകൾ തിട്ടപ്പെടുത്തിയും, അതിലെ നന്മകൾ സ്വാംശീകരിച്ചും സിനിമ കാണരുത്. അതിന്റെ ആഴത്തിലേക്കിറങ്ങി 'സ്ത്രീവിരുദ്ധത' കണ്ടെത്തി വേരോടെ പിഴുതെറിയണം. പുരുഷാധിപധ്യ ലോകത്തിനുള്ള ശക്തമായ താക്കീതായി ഭവിക്കണം, നമ്മുടെ ചെയ്തികളെല്ലാം.
സിനിമയാണ് സമൂഹത്തിൽ, വ്യക്തികളിൽ മാറ്റം ഉണ്ടാക്കേണ്ടത്, മറിച്ചല്ല. വ്യക്തികളെ ഉദ്ധരിക്കുന്നതിന് വേണ്ടി സമയവും ഊർജവും ചെലവഴിക്കുന്നതിനു പകരം സിനിമകളിലെ ഈ 'സ്ത്രീവിരുദ്ധത' ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. വ്യക്തിയിലെ മനുഷ്യത്വമെന്ന ഗുണത്തെ പരിപോഷിപ്പിക്കുന്നതിനു പകരം ഒരു പുതിയ 'ഇസത്തെ', വ്യവസ്ഥിതിയെ സൃഷ്ട്ടിക്കുന്നതിനായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ. അങ്ങേയറ്റം വിപ്ലവകരമായ ഈ വീക്ഷണങ്ങളിലൂടെ, അഭിപ്രായപ്രകടനങ്ങളിലൂടെ നമുക്ക് നല്ലൊരു സമൂഹത്തെ, ലിംഗ വിവേചനം നിലനിൽക്കാത്ത, സമത്വസുന്ദരമായ ഒരു പുതിയ ലോകത്തെ നമുക്ക് സൃഷ്ട്ടിക്കാം..