ആഴക്കടലിലെ പ്രേത മത്സ്യം
മനുഷ്യരുടെ ശരീരത്തിലെ ഏറ്റവുമധികം സംരക്ഷണമുള്ള ഒരു ഭാഗമായിരിക്കും തലച്ചോര്‍. മനുഷ്യരുടെ മാത്രമല്ല ഒട്ടുമിക്ക മൃഗങ്ങളുടെയും തലച്ചോര്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കട്ടിയേറിയ തലയോട്ടി കൊണ്ടാണ്. എന്നാല്‍ ഈ തലയോട്ടിക്ക് പകരം സുതാര്യമായ ഗ്ലാസ് പോലുളള ഒരു വസ്തുമാണ് തലച്ചോറിന് കവചം തീര്‍ത്തിരുന്നതെങ്കിലോ? തലച്ചോറിന്‍റെ പ്രവര്‍ത്തനം പഠിക്കാനായി അത് വ്യക്തമായി നിരീക്ഷിക്കാന്‍ പോലും സാധിക്കുമായിരുന്നു. എന്നാല്‍ ഇത് തലച്ചോറിനാവശ്യമായ സംരക്ഷണം തരുമോയെന്നാണ് ചോദ്യമെങ്കില്‍ ഒരു പക്ഷേ അതിന് സാധിച്ചേക്കും എന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു ഉദാഹരണം ഇപ്പോഴുണ്ട്.
സുതാര്യമായ തലയോട്ടിയുമായി ഒരു മത്സ്യം
ബാരല്‍ ഐ ഫിഷ് എന്നറിയപ്പെടുന്ന ഒരു മത്സ്യത്തിന്‍റെ തലച്ചോറാണ് സുതാര്യമായ തലയോട്ടിയുമായി അതിജീവിക്കാന്‍ കഴിയും എന്നതിന്‍റെ തെളിവ്. കലിഫോര്‍ണിയ കടല്‍മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയായാണ് ഈ അപൂര്‍വ മത്സ്യത്തെ കണ്ടെത്തിയത്. ഈ മത്സ്യത്തെക്കുറിച്ച് ശാസ്ത്രലോകത്തിന് നേരത്തെ തന്നെ അറിവുണ്ട്. എന്നാല്‍ ഇവയെ കണ്‍മുന്നില്‍ കാണാൻ കിട്ടുന്നത് അത്യപൂര്‍വമാണ്.
കാണാക്കാഴ്ചയായി ഒരു മത്സ്യം
കലിഫോണര്‍ണിയയിലെ മോണ്ടേറെ സമുദ്രപര്യവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ഗവേഷകരാണ് ഈ വര്‍ഗത്തില്‍ പെട്ട ഒരു മത്സ്യത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ലഭിച്ചതാണെന്ന് കരുതേണ്ട. ഏതാണ്ട് 5600 ല്‍ ഏറെ തവണയാണ് ഈ മത്സ്യവര്‍ഗത്തിന്‍റെ ആവാസമേഖലയില്‍ ഇവയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി മോണ്ടേറെ പര്യവേഷണ കേന്ദ്രത്തിലെ റോബോട്ടുകള്‍ മുങ്ങാംകുഴിയിട്ടെത്തിയത്. ഇതില്‍ 9 തവണ മാത്രാണ് ഈ മത്സ്യത്തെ കണ്ടെത്തി ദൃശ്യങ്ങള്‍ പകര്‍ത്താനായതും.
ഡിസംബര്‍ 9 നാണ് മോണ്ടേറെ അക്വേറിയം ഈ മത്സ്യത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ ആരെയും അമ്പരപ്പിക്കുന്നതാണ് ഈ മത്സ്യത്തിന്‍റെ ശരീരഘടന. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ അവയുടെ തലയുടെ ഘടന. ബഹിരാകാശ ഗവേഷകരുടെ തലയ്ക്ക് ചുറ്റുമുള്ള ഗ്ലാസ് കവചമെന്ന് തോന്നിക്കുന്ന വിധമാണ് അവയുടെ തല. സുതാര്യമായ ആ തലയ്ക്കുള്ളിലൂടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളും ഘടനയുമെല്ലാം ആര്‍ക്കും അനായാസേന നിരീക്ഷിക്കാന്‍ കഴിയും.