സ്വകാര്യ വാഹനങ്ങള്‍ക്ക് ആയുസ്സ് ഇനി 20 വർഷം മാത്രം

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തുകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. വാഹനങ്ങള്‍ സഞ്ചാര യോഗ്യമാണോയെന്ന് ഓട്ടോമാറ്റിക് ഫിറ്റ്നെസ് സംവിധാനത്തിലൂടെ പരിശോധിച്ച ശേഷമായിരിക്കും നീക്കം ചെയ്യുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 

15 വര്‍ഷത്തെ പഴക്കം രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായി. കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയം അടുത്തിടെ സ്‌ക്രാപ് നയവുമായിബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് ഉത്തരവ് നടപ്പിലാക്കുന്നത്.

വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു.