ഇന്ത്യയിൽ ഓണ്‍ലൈന്‍ ഫാര്‍മസിക്ക് തുടക്കമിട്ട് ആമസോൺ

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി ആരംഭിക്കുമെന്ന് ആമസോണ്‍. ആമസോണ്‍ ഫാര്‍മസി എന്ന കൗണ്ടര്‍ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഹെര്‍ബല്‍ മരുന്നുകള്‍ എന്നിവ നല്‍കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിക്കുന്നത്.

ആമസോണിന്റെ എതിരാളികളായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ട്, മറ്റ് നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ എന്നിവരുമായി വര്‍ധിച്ചുവരുന്ന മത്സരത്തിനിടക്കാണ് ആമസോണിന്റെ പുതിയ നീക്കം. വീട്ടില്‍ സുരക്ഷിതമായി തുടരുമ്പോൾ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സേവനം സഹായിക്കുമെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.

അതേസമയം, ഇ ഫാര്‍മസികള്‍ക്കെതിരേ നിരവധി വ്യാപാര ഗ്രൂപ്പുകള്‍ പ്രതിഷേധം തുടരുമ്പോഴും എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഓണ്‍ലൈന്‍ കമ്പനികൾ പറയുന്നു. ഇ ഫാര്‍മസികള്‍ പരിശോധനയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിന് കാരണമാകുമെന്നും സര്‍ക്കാറുമായുള്ള ആമസോണിന്റെ നീക്കത്തിനെതിരേ പ്രതിഷേധം നടത്തുമെന്നും വ്യാപാരികള്‍ കൂട്ടിചേര്‍ത്തു.