റഷ്യയുടെ കോവിഡ് വാക്‌സിന്‍ നാളെ പുറത്തിറങ്ങും

കോവിഡിനെതിരെ റഷ്യയുടെ വാക്‌സിന്‍ നാളെ പുറത്തിറങ്ങും. വാക്‌സിൻ പുറത്തിറങ്ങുന്നതിന്റെ ലോകത്തിന് ആശ്വാസമേകുമെങ്കിലും വലിയ ആശങ്കയും നിലനിക്കുന്നുണ്ട്. കാരണം മരുന്ന് ഫലിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാദം. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നും റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ പറയുന്നുണ്ട്.

നാളെ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കുമെന്നതിനാല്‍ നിര്‍ദിഷ്ട വാക്‌സി ഏതുതരം ആന്റിബോഡികളാണ് ഉല്‍പാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും റഷ്യന്‍ വൈറോളജിസ്റ്റ് പറയുന്നു.

ധൃതിയെക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് നാളെ വാക്‌സിന്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ട്. എന്നാല്‍, സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്‌സീനും ഇന്നവേരെ റഷ്യന്‍ വിപണിയിലെത്തിയിട്ടില്ലെന്ന് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ പറഞ്ഞു.

നിലവില്‍ 75 രാജ്യങ്ങളാണ് സാധ്യതാ വാക്‌സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച്‌ എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കോവാക്‌സിന്റെ സഹായമുണ്ടാകും. കോവിഡ് മഹാമാരിക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്സസ് ടു കോവിഡ് ടൂള്‍സ് ആക്സിലറേറ്ററിനു (എസിടി ആക്സിലറേറ്റര്‍) കീഴിലാണ് കോവാക്‌സിന്റെ പ്രവര്‍ത്തനം..