കേരളത്തിൽ ആദ്യ കോവിഡ് മരണം

കൊച്ചി∙ സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. സംസ്കാരം മട്ടാഞ്ചേരി കച്ഛി ഹനഫി മസ്ജിദിൽ 3.45 ന് നടത്തി. അടുത്ത ബന്ധുക്കളായ 5 പേരടക്കം 10 പേർ മാത്രമായിരുന്നു പങ്കെടുത്തത്.

ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു.  22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.