മൂന്ന് വര്‍ഷം കൊണ്ട് 50,000 യൂണിറ്റ് വില്പന പിന്നിട്ട് മാരുതി സുസുക്കി സൂപ്പര്‍ കാരി

മാരുതി സുസുക്കിയുടെ വാണിജ്യ വാഹനമായ സൂപ്പര്‍ കാരി മിനി ട്രക്കിന്റെ വില്‍പന 50, 000 യൂണിറ്റ് പിന്നിട്ടു. വിപണിയിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കകമാണ് ഈ നേട്ടം സൂപ്പര്‍ കാരി സ്വന്തമാക്കിയത്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്തംബറിലാണ് സൂപ്പര്‍ കാരി എത്തിയത്.

തുടക്കത്തില്‍ രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ മാത്രമാണ് സൂപ്പര്‍ കാരി വില്‍പനയ്‌ക്കെത്തിയത്. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വകഭേദങ്ങളില്‍ രാജ്യത്തുടനീളം സൂപ്പര്‍ കാരി വിപണിയിലുണ്ട്. 2018 മാര്‍ച്ചിലാണ് സൂപ്പര്‍ കാരിയുടെ വില്‍പന 10,000 യൂണിറ്റ് പിന്നിട്ടത്. അതേ വര്‍ഷം സെപ്തംബറില്‍ വില്‍പന 20000 യൂണിറ്റിലെത്തി. 2019 ജൂണ്‍ മാസത്തോടെ വില്‍പന നാല്‍പതിനായിരം യൂണിറ്റായും ഉയര്‍ന്നു. പിന്നീടുള്ള ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇത് 50000 യൂണിറ്റും പിന്നിട്ടു.

സൂപ്പര്‍ കാരി പെട്രോളില്‍ 72 ബിഎച്ച്‌പി പവറും 101 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 5 സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. സിഎന്‍ജി വകഭേദത്തിലും ഇതേ പെട്രോള്‍ എന്‍ജിനാണ്. ഡീസല്‍ പതിപ്പില്‍ 793 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 32 ബിഎച്ച്‌പി പവറും 75 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്.