ജെഫ് ബെസോസിനെ പിന്തള്ളി ബിൽ ഗേറ്റ്സ് വീണ്ടും ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനെ പിന്തള്ളി ബിൽ ഗേറ്റ്സ് വീണ്ടും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി. ഇന്നലത്തെ വ്യാപാരത്തിൽ ആമസോൺ ഓഹരികളുടെ മൂല്യം ഏഴു ശതമാനം ഇടിഞ്ഞതോടെ ജെഫ് ബെസോസിന്റെ ആസ്തിമൂല്യം 103.9 ബില്യൻ ഡോളറായി കുറയുകയായിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന് 105.7 ബില്യൻ ഡോളറിന്റെ ആസ്തി ഉണ്ട്.

മൂന്നാം പാദത്തിൽ ആമസോണിന്റെ വരുമാനത്തിൽ 26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2017 ന് ശേഷം ഇതാദ്യമായാണ് കമ്പനിയുടെ ലാഭത്തിൽ ഇത്രയധികം ഇടിവ് ഉണ്ടാകുന്നതെന്നു ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്തു. 55കാരനായ ബെസോസിന് ആമസോണിന്റെ 16 ശതമാനം ഓഹരികളാണു സ്വന്തമായുള്ളത്. കഴിഞ്ഞ വർഷമാണ് 2013 മുതൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബിൽ ഗേറ്റ്സിനെ പിന്തള്ളി  ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയത്.

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് എയറോ സ്‌പെയ്‌സ് കമ്പനിയും വാഷിങ്ടൻ പോസ്റ്റ് പത്രവും ജെഫ് ബെസോസിന്റേതാണ്.