ഇന്ത്യയില്‍ 1000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ആപ്പിൾ

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്കുമായി ആപ്പിള്‍ 1000 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ഇതോടെ ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകും. ന്യൂയോര്‍ക്ക്,ലണ്ടന്‍,പാരിസ് എന്നിവിടങ്ങളിലാണ് ആപ്പിളിന്റെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്ളത്‌. ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു. മുംബൈയില്‍ സ്റ്റോര്‍ വരുന്നതോടെ മികച്ച കസ്റ്റമര്‍ അക്വിസിഷന് കഴിയുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.

സിംഗിള്‍ ബ്രാന്റ് റീട്ടെയിലില്‍ ലോക്കല്‍ സോഴ്സിങ് ലളിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് ആപ്പിളിന്റെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ രാജ്യത്ത് തുറക്കുന്ന നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ, ഇന്ത്യയില്‍ നേരിട്ടുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ആപ്പില്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെയാണ് ഇതിനു വഴി തെളിഞ്ഞത്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍ എന്നിവയുമായുള്ള ഓണ്‍ലൈന്‍ വില്‍പ്പന പങ്കാളിത്തമാണ് ഇപ്പോള്‍ ആപ്പിളിന് ഇന്ത്യയിലുള്ളത്. രാജ്യത്ത് ആദ്യമായിട്ടാണ് ആപ്പിള്‍ കമ്പനി നേരിട്ട് രാജ്യത്ത് വില്പന കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സ്റ്റോറും തുറക്കുന്നത്