കള്ളവണ്ടി കയറിയവരില്‍ നിന്ന് പിഴ; ഇന്ത്യൻ റെയിൽവേ നേടിയത് കോടികൾ

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതിലൂടെ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനത്തില്‍ വന്‍ വര്‍ധനവ്.  2016 നും 2019നുമിടെ ഇത്തരത്തില്‍ ലഭിച്ചത് 1377 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 31 ശതമാനം വര്‍ധന ഉണ്ടായെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ വ്യക്തം.

2016-2017ല്‍ കള്ളവണ്ടി കയറിയവരില്‍ നിന്ന് 405.30 കോടി ലഭിച്ചതായാണ്  വിവരാവകാശ നിയമ പ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ആക്ടിവിസ്റ്റ് നല്‍കിയ ചോദ്യത്തിനു ലഭിച് ഉത്തരത്തില്‍ പറയുന്നത്. 2017-18ല്‍ ഇത് 441.62 കോടിയായി. 2018-19 ല്‍ ഇങ്ങനെ 530.06 കോടിയും.

2018 ഏപ്രിലിനും 2019 ജനുവരിക്കും മധ്യേ തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത 89 ലക്ഷം പേരാണ് പിടിയിലായത്. ഇത്തരത്തില്‍ പിടികൂടപ്പെടുന്നവര്‍ക്ക് ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപ കുറഞ്ഞ പിഴ ചുമത്തുന്നു.

ഈ പിഴയടയ്ക്കാന്‍ വിസമ്മതിക്കുകയോ പണം കൈവശം ഇല്ലാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരനെ റെയില്‍വെ സംരക്ഷണ സേന (ആര്‍.പിഎഫ്)യ്ക്ക് കൈമാറും. അവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതോടെ 1000 രൂപ പിഴയൊടുക്കേണ്ടിവരും. അതിനും തയ്യാറായില്ലെങ്കില്‍ ആറുമാസം വരെ ജയില്‍ശിക്ഷ.