സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ; മുന്നറിയിപ്പുമായി പോലീസ്

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങള്‍ ഒന്നാകെ പ്രളയഭീതിയില്‍ കഴിയുമ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില വ്യാജവാര്‍ത്തകളാണ് ഇപ്പോള്‍ പോലീസിന് തലവേദന സൃഷ്ടിക്കുന്നത്.

നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്‌ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളിൽ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ വാഹനങ്ങളില്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്.

സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ അധികവും. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ പലരും ഈ വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് ചെയ്യുകയാണ്. കാലവര്‍ഷക്കെടുതി ശക്തമായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളും ഏജന്‍സികളുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ജനജീവിതത്തെ ബാധിക്കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് പേജുകളിലൂടേയും മറ്റും തത്സമയം അറിയിപ്പായി വരുന്നുണ്ട്. ഇതിനിടയിലാണ് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ധനക്ഷാമം രൂക്ഷമാകുന്നു എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്ബുകള്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവശ്യവസ്തുകളുടെ ക്ഷാമത്തിനടക്കം ഇത്തരം ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ കാരണമാവാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടത്.