ഹാര്‍ലി ഡേവിഡ്‌സണില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

ഇന്ത്യയില്‍ ഒരു പതിറ്റാണ്ട് പിന്നിടുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍, രാജ്യത്തെ ബൈക്ക് പ്രേമികള്‍ക്ക് സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രഖ്യാപിച്ച് രംഗത്ത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ വിഭാഗങ്ങളില്‍ പങ്കുചേരാനാണ് ഇന്റേണ്‍ഷിപ്പ് പദ്ധതിയിലൂടെ ആരാധകര്‍ക്ക് അവസരം. ഒപ്പം ഹാര്‍ലി ബൈക്കുകളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മികവോടെ പകര്‍ത്തി കഴിവ് തെളിയിക്കാനുള്ള അവസരവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.


കഴിഞ്ഞവര്‍ഷം അമേരിക്കയിലാണ് ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് ഹാര്‍ലി തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നടക്കം ഒട്ടനവധി അപേക്ഷകള്‍ ഇന്റേണ്‍ഷിപ്പിന് വേണ്ടി കമ്പനിക്ക് ലഭിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഈ വര്‍ഷം ഇന്റേണ്‍ഷിപ്പ് പരിപാടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഹാര്‍ലിയുടെ തീരുമാനം. മൂന്നു പേര്‍ക്കാണ് ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം. ഇന്റേണ്‍ഷിപ്പ് കാലാവധി ഒരു മാസം. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇന്റേണ്‍ഷിപ്പിന് അര്‍ഹരായവരെ കമ്പനി തിരഞ്ഞെടുക്കുന്നത്.


ക്രിയാത്മകതയാണ് ഇന്റേണ്‍ഷിപ്പിനുള്ള അടിസ്ഥാന യോഗ്യത. ഫോട്ടോ - വീഡിയോ ചിത്രീകരണത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം കാഴ്ച്ചപ്പാടില്‍ സ്വാതന്ത്ര്യം എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ, ചിത്രങ്ങള്‍, കുറിപ്പുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് കമ്പനിയുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കണം. 18 വയസു തികഞ്ഞ ആര്‍ക്കും ഫ്രീഡം ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം. മാര്‍ച്ച് 31 മുതല്‍ ഇന്റേണ്‍ഷിപ്പ് അപേക്ഷകള്‍ കമ്പനി സ്വീകരിക്കുന്നുണ്ട്.