വിഡ്ഢിദിന 'കലാപരിപാടികൾ' ഇനി മൈക്രോസോഫ്റ്റിൽ നടക്കില്ല

ഏപ്രില്‍ 1 ലോക വിഡ്ഢി ദിനമാണ്. സുഹൃത്തുക്കളെയും, സഹപ്രവര്‍ത്തകരെയും വീട്ടുകാരെയുമൊക്കെ വിഡ്ഢികളാക്കുവാന്‍ കിട്ടുന്ന ഈ ദിനത്തിലെ ഒരു അവസരവും ആരും പാഴാക്കാറില്ല. വലിയ കമ്പനികളുടെ ഓഫീസുകളില്‍ ഏപ്രില്‍ ഫൂള്‍ പ്രാങ്കുകൾ ഒരു വിനോദമാണ്. പലപ്പോഴും ഈ പ്രങ്കുകള്‍ അവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി പങ്കുവയ്ക്കാറും ഉണ്ട്. എന്നാല്‍ ഇത്തവണ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്.

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം. മൈക്രോസോഫ്റ്റ് അധികൃതർ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റിനുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.