ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കില്‍ ഇനി പിടിവീഴും

അമിതപ്രകാശവുമായെത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.സംസ്ഥാനത്ത് രാത്രിയിലെ വാഹനാപകടങ്ങള്‍ ഈയടുത്ത കാലത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച്‌ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

വാഹനമോടിച്ച വ്യക്തിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ മുൻപ് പല നടപടികളെടുത്തിരുന്നു. നേരത്തേ, പിടികൂടിയവരില്‍ നിന്ന് 500 രൂപ പിഴയീടാക്കുകയാണ് ചെയ്തിരുന്നത്. ലൈറ്റ് ഡിം ചെയ്യാത്തതും ഹെഡ് ലൈറ്റ് ഇല്ലാത്തതും അവ തകരാറിലായതുമായ കേസുകള്‍ ഇതേ പേരിലാണ് പിഴയീടാക്കുന്നത്. എന്നാൽ ഇവയെല്ലാത്തിനും പുറമെയാണ് രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പെടെയുള്ള പുതിയ നടപടി.