ഫിലമെന്‍റ് രഹിത കേരളം

ഫിലമെന്റ് ബള്‍ബുകളെ കേരളത്തില്‍നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഇത്തരം ബൾബുകളെ പൂര്‍ണമായും ഒഴിവാക്കി, പകരം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യമാണ് ബോർഡിനുള്ളത്. ഒറ്റത്തവണയായും തവണകളായും കെഎസ്‌ഇബിയില്‍ പണമടച്ച്‌ എല്‍ഇഡി ബള്‍ബുകള്‍ വാങ്ങാം.തവണകളായാണു പണമടയ്ക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലിനൊപ്പം പണം ഈടാക്കും.

ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ ഒന്‍പത് വാട്ട്സിന്‍റെ ബള്‍ബുകളാകും വിതരണം ചെയ്യുന്നത്. സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്.