സേവ് ആലപ്പാട് ക്യാമ്പയിൻ ശക്തമാകുന്നു

1911-ലാണ് കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം തുടങ്ങുന്നത്. അന്നുമുതല്‍ പല ഘട്ടങ്ങളിലായി ഇതിനെതിരേ സമരങ്ങളും നടന്നു. ആലപ്പാട്ടുകാര്‍ തങ്ങളുടെ മണ്ണും ജീവിതവും സംരക്ഷിക്കാനായി സമരം ചെയ്തു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തിനിടയില്‍ത്തന്നെ വിവിധ പ്രക്ഷോഭങ്ങളുണ്ടാകുകയും ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ഇപ്പോഴത്തെ ഖനനവിരുദ്ധ ജനകീയ സമരസമിതിയുടെ സമരം പോലും ആദ്യഘട്ടത്തില്‍ പൊതുചര്‍ച്ചയായിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ സമരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ഹാഷ്ടാഗുകളും പോസ്റ്ററുകളും വഴി പ്രചരിക്കപ്പെടുകയാണുണ്ടായത്. അതോടെ, വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് ഈ വിഷയം ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും (ഐ.ആര്‍.ഇ.എല്‍) കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡും (കെ.എം.എം.എല്‍) നടത്തുന്ന കരിമണല്‍ ഖനനം ഒരു വര്‍ഷം മുന്‍പ് മലയാളികളുടെ ഇടയില്‍ പൊതുചര്‍ച്ചയായത്. പൊതുമേഖലയെ ഇല്ലാതാക്കാനാണ് ഈ സമരമെന്നാരോപിച്ച് ഖനനത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ അതിനുള്ള പ്രതിവാദങ്ങള്‍ സമരക്കാരും നിരത്തി. ആദ്യം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പിന്നീട് വ്യവസായമന്ത്രി ഇ.പി. ജയരാജനും സര്‍ക്കാര്‍ വാദങ്ങളുമായി രംഗത്തിറങ്ങി. ഖനനം നിര്‍ത്തിയുള്ള ചര്‍ച്ചകളില്ലെന്ന് പ്രഖ്യാപിച്ചു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, മറിച്ച് സുനാമിയാണെന്ന് വാദിച്ച ജയരാജന്‍ ചര്‍ച്ചയ്ക്കെത്തിയതും ഇത്തരം മുന്‍വിധികളോടെയായിരുന്നു.

ചലച്ചിത്ര താരങ്ങൾ ഉൾപ്പടെയുള്ളവർ ഇതിനകം ജനകീയ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നുകഴിഞ്ഞു. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫേസ്ബുക്ക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു. നടന്‍ സണ്ണി വെയ്ന്‍  ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.