2020 മുതൽ പുതിയ എഞ്ചിനീയറിംഗ് കോളേജുകൾ വേണ്ട

2020 മുതൽ പുതിയ എഞ്ചിനീയറിംഗ് കൊളേജുകൾക്ക് അനുമതി നൽകരുതെന്ന് എഐസിടിഇയോട് സർക്കാർ സമിതി നിർദേശിച്ചു. ഐഐടി ഹൈദരാബാദ് ചെയർമാൻ ബിവിആർ മോഹൻ റെഡ്‌ഡി നേതൃത്വം വഹിച്ച സമിതിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. എല്ലാവർഷവും പകുതിയിലേറെ എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

എഐസിടിഇയുടെ പരിഗണനയിലുള്ള 41-പേജ് റിപ്പോർട്ട് ഒരു ദേശീയ മാധ്യമമാണ് ആണ് പുറത്തുവിട്ടത്. രണ്ടുവർഷം കൂടുമ്പോൾ ഓരോ സ്ട്രീമിലേയും കപ്പാസിറ്റി വർധിപ്പിക്കുന്നത് സംബന്ധിച്ച നടപടികൾ അവലോകനം ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.    

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് തുടങ്ങിയ പരമ്പരാഗത കോഴ്‌സുകളിലേക്ക് അധിക സീറ്റ് അനുവദിക്കുന്നത് നിർത്തലാക്കി, അധിക സീറ്റുകൾ പുതിയ ടെക്നോളജി മേഖലകൾക്കായി മാറ്റിവെക്കാൻ കോളേജുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് സമിതി നിർദേശിച്ചു.