വീട്ടിലിരുന്ന് പണക്കാരാകാം, പക്ഷേ ഓൺലൈന്‍ ബിസിനസില്‍ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
ശരിയായ ബിസിനസ് ആശയം തിരഞ്ഞെടുക്കുക
ആദ്യം നിങ്ങൾ ഓണ്‍ലൈനായി എന്താണ് വിൽക്കാൻ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കുക. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ തുടങ്ങിയവ വിൽക്കാം. ഗ്രാഫിക് ഡിസൈനിംഗ്, കണ്ടന്‍റ് റൈറ്റിംഗ്, ഓൺലൈൻ ട്യൂഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയും ഓണ്‍ലൈനായി ചെയ്യാം.
വിപണി ഗവേഷണം
വില്‍പ്പനയ്‌ക്കായി നിങ്ങൾ തിരഞ്ഞെടുത്ത ഉൽപ്പന്നത്തിന് വിപണിയിൽ ആവശ്യക്കാരുണ്ടോ എന്ന് മനസിലാക്കുക വളരെ പ്രധാനമാണ്. വിപണിയില്‍ നിങ്ങളുടെ എതിരാളികൾ ആരാണെന്ന് മനസിലാക്കുകയും വേണം. ആളുകൾ എന്താണ് തിരയുന്നതെന്ന് കണ്ടെത്താൻ ഗൂഗിൾ ട്രെൻഡ്‌സ്, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവ ഉപയോഗിക്കാം.
നിങ്ങളുടെ ബ്രാൻഡിന് പേര് നൽകുക, രജിസ്റ്റർ ചെയ്യുക
നിങ്ങളുടെ ബ്രാൻഡിന് ആകർഷകവും ലളിതവും ഓർമ്മിക്കാൻ എളുപ്പമുള്ളതുമായ ഒരു പേര് നൽകുക. വാർഷിക വിറ്റുവരവ് കൂടുതലാണെങ്കിൽ, അല്ലെങ്കിൽ അന്തർ സംസ്ഥാന ബിസിനസ് ആണെങ്കിൽ ജിഎസ്‌ടി ആവശ്യമാണ്. ജിഎസ്‌ടി രജിസ്‌ട്രേഷന്‍ മുടങ്ങാതെ ചെയ്യുക. ഇത് ഭാവിയില്‍ നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കും
എവിടെ വിൽക്കണം?
ആമസോൺ, ഫ്ലിപ്‌കാര്‍ട്ട്, മീഷോ എന്നിവ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിൽക്കാം. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കായി സ്വന്തമായി വെബ്സൈറ്റുണ്ടാക്കുകയും ചെയ്യാം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയും സാധനങ്ങള്‍ വിൽക്കാം. പണം വാങ്ങാൻ റേസർപേ, സാധനങ്ങൾ അയക്കാൻ ഷിപ്പ്റോക്കറ്റ്/ഡെലിവറി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം.