പിഎഫ് അക്കൗണ്ട് ഉള്ളവർക്ക് സൗജന്യ ലൈഫ് കവർ! 7 ലക്ഷം രൂപ വരെ ലഭിച്ചേക്കാം
നിങ്ങൾ സാലറി വാങ്ങുന്ന ജീവനക്കാരനാണ് എങ്കിൽ ഒരു പക്ഷെ പി എഫ് അക്കൗണ്ട് എന്താണ് എന്ന് അറിയുന്നുണ്ടാവും. എംപ്ലോയി പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ചുരുക്ക രൂപമാണ് ഇ പി എഫ് ഒ . റിട്ടയർമെന്റ് സേവിങ്സ് സ്കീമാണിത്. റിട്ടയർമെന്റ് സമയത്തേക്ക് ഒരു തുക സേവ് ചെയ്യുന്നതിന് വേണ്ടി ജീവനക്കാരന്റെ വേതനത്തിൽ നിന്ന് ചെറിയൊരു തുക എല്ലാ മാസവും പി എഫ് അക്കൗണ്ടിലേക്ക് മാറ്റുന്നു. ജീവനക്കാരൻ പ്രവർത്തിക്കുന്ന കമ്പനിയും ഇതിലേക്കായി സംഭാവന നൽകും. ഇ പി എഫ് ഒ അകൗണ്ട് ഉള്ളവർക്ക് ഒരുപക്ഷെ അറിയാൻ സാധ്യതയില്ലാത്ത മറ്റൊരു ഗുണം കൂടിയുണ്ട്. ഇ പി എഫ് ഒ അക്കൗണ്ട് ഹോൾഡർക്ക് 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. ഒരു രൂപ പോലും അധിക ചിലവില്ലാതെ ഈ ഇൻഷുറൻസ് ഉപഭോക്താവിന് ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. എംപ്ലോയി ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറസിന്റെ കീഴിലാണ് ഈ സേവനം സർക്കാർ നൽകുന്നത്. ഇതിനർത്ഥം നിങ്ങൾ ഇ പി എഫിൽ പണം നിക്ഷേപിക്കുമ്പോൾ നിങ്ങൾ സ്വാഭാവികമായും ഈ ഇൻഷുറൻസിനു അർഹനാകുന്നു. ഈ ഇൻഷുറൻസ് കവറേജ് ലഭിക്കാനായി നിങ്ങൾ പ്രത്യേകം പ്രീമിയം അടക്കേണ്ടതില്ല. മറ്റു ഡോക്യൂമെന്റുകളും നൽകേണ്ടതായില്ല. ഇ പി എസ്, ഇ പി എഫ് എന്നിവ കഴിഞ്ഞാൽ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അനുകുല്യമായി ഇ ഡി എൽ ഐ മാറുന്നു. ഇത് സ്പെഷ്യൽ ഇൻഷുറൻസ് ആണ്. ഇൻഷുറൻസിനു പ്രത്യേകമായി ഒരു രൂപ പോലും മുടക്കേണ്ടതില്ല
സാധാരണ ഒരു ഇൻഷുറൻസ് നമ്മൾ എടുക്കുകയാണെങ്കിൽ പ്രതിവർഷം നമ്മൾ ഒരു തുക പ്രീമിയമായി അടക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ജീവനക്കാർക്ക് ഈ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതിനായി പ്രീമിയം തുക അടക്കേണ്ട ആവശ്യമില്ല. കമ്പനിയാണ് ഈ ചിലവ് നിർവഹിക്കേണ്ടത്. കമ്പനികൾ ജീവനക്കാരന് നൽകുന്ന ശമ്പളത്തിന്റെ 0.5% തുക ഇ ഡി എൽ ഐ സ്കീമിലേക്കായി എല്ലാ മാസവും നിക്ഷേപിക്കുന്നു. ഇത് ജീവനക്കാർക്ക് നൽകുന്ന ശമ്പളത്തിൽ നിന്നുമല്ല പിടിക്കുന്നത്. മറിച്ച് കമ്പനികൾ അധികമായി നൽകുന്നതാണ്. അതിനാൽ പി എഫ് ഉള്ള ജീവനക്കാർക്ക് യാതൊരു ചിലവും ഇല്ലാതെ ഈ ഇൻഷുറൻസ് ലഭിക്കുന്നു.
എപ്പോഴാണ് ലഭിക്കുക ?
ഈ ഇൻഷുറൻസ് ലൈഫ് കവറേജ് ആയതിനാൽ ജീവനക്കാരൻ ജോലിയിലിരിക്കുമ്പോൾ മരണപ്പെട്ടാൽ ഇൻഷുറൻസ് തുക ലഭിക്കുന്നു. ഏറ്റവും കുറഞ്ഞത് 2.5 ലക്ഷം രൂപ മുതൽക്കാണ് കവറേജ് ആരംഭിക്കുന്നത്. ഏറ്റവും പരമാവധി 7 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ലഭിക്കുന്ന ശമ്പളത്തിന് അനുസൃതമായിട്ടാണ് ഇൻഷുറൻസ് കവറേജ് നൽകുന്നത്. പി എഫിലുള്ള തുക ഉയർന്നതാണെങ്കിൽ, അഥവാ ലഭിക്കുന്ന ശമ്പളം ഉയർന്നതാണെങ്കിൽ കവറെജും ഉയർന്നതായിരിക്കും.