കൈ കൊടുത്ത്' ഗൂഗിളും ആപ്പിളും; ഇനി ഒറ്റ ക്ലിക്കിൽ ഡാറ്റ ട്രാൻസ്ഫർ, വിപ്ലവകരമായ ഫീച്ചർ ഉടൻ
നിങ്ങളുടെ കൈവശം ഒരു ആൻഡ്രോയിഡ് ഫോണുണ്ടെന്ന് കരുതുക. നിങ്ങൾ പുതിയ ഒരു ഐ ഫോൺ വാങ്ങുകയുണ്ടായി. ഇവിടെ പഴയ ഫോണിലെ ഡാറ്റ സ്വിച്ച് ചെയ്യുക എന്നത് പലരെ സംബന്ധിച്ചും തലവേദനയാണ്. നേരെ തിരിച്ചും, ഐ ഫോണിൽ നിന്ന് ആൻഡ്രോയിഡേലേക്ക് ചുവടു മാറുമ്പോഴും ഇതു തന്നെയാണ് അവസ്ഥ. നിലവിൽ ഈ പ്രശ്നത്തിനൊരു പരിഹാരമുണ്ടായിരിക്കുന്നു
ആപ്ലിക്കേഷനുകൾ, ചാറ്റുകൾ, ഫോട്ടോസ്, സെറ്റിങ്സ് തുടങ്ങിയവയെല്ലാം മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് സ്വിച്ച് ചെയ്യപ്പെടുമ്പോൾ പ്രശ്നം നേരിടാറുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാൻ ഗൂഗിളും,ആപ്പിളും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. വൈകാതെ ഈ പ്രൊസസുകളെല്ലാം ആർക്കു വേണമെങ്കിലും ഒരു സിംഗിൾ ടച്ചിലൂടെ തടസ്സമില്ലാതെ നടത്താൻ സാധിക്കും.
ആപ്പിളും, ഗൂഗിളും സഹകരിച്ച് ഐ ഫോൺ, ആൻഡ്രോയിഡ് ഫോൺ എന്നിവ തമ്മിൽ 'Seamless switching' നടത്താൻ സാധിക്കുന്ന ടൂളാണ് വികസിപ്പിച്ചത്. ഇത് ഡിവൈസ് സെറ്റപ്പ് സ്ക്രീനിൽ നേരിട്ട് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇവിടെ ഉപയോക്താവ് ഒരു പുതിയ ഫോൺ വാങ്ങി ഓൺ ചെയ്യുമ്പോൾത്തന്നെ ഡാറ്റ ലഭ്യമാക്കാൻ സാധിക്കും.
പിക്സൽ ഡിവൈസുകൾക്ക് വേണ്ടി രൂപകല്പന ചെയ്ത ഏറ്റവും പുതിയ ആൻഡ്രോയിഡ് കാനറി (ബീറ്റ) പതിപ്പിൽ ഈ ഫീച്ചർ ദൃശ്യമാകുന്നുണ്ട്. വരുന്ന iOS 26 developer betaയിൽ സമാനമായ ഫീച്ചർ അതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെങ്കിലും ഈ ആശയം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു എന്ന് ഇതിലൂടെ മനസ്സിലാക്കാം.