യുവാക്കൾക്കിടയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ നിർവചനം മാറുന്നു?
പുതിയൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. തലമുറകളായി പിന്തുടർന്ന് വന്ന പല ജീവിത ചക്രങ്ങളും പൊട്ടിച്ചു കൊണ്ട് തന്റേതായ ആശയത്തിൽ ജീവിക്കാനാഗ്രഹിക്കുന്നവരുടെ തലമുറ. എന്നാൽ ഇവിടെ പലപ്പോഴും യുവജനങ്ങൾ ഓട്ടത്തിലാണ്. ഇന്ന് സമയമെടുത്തുള്ള ഒരു കാര്യവും ചെയ്യാനുള്ള ക്ഷമ മനുഷ്യർക്കില്ല. ടെക്നോളജിയുടെ വളർച്ച കാരണം 30 സെക്കന്റുള്ള റീൽ പോലും ക്ഷമയോടെ കാണാനുള്ള സമയം മനുഷ്യർക്കില്ല. ഇത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളിലും ഈ ധൃതി ഭാഗമായിട്ടുണ്ട്. യുവാക്കൾ അവരുടെ ഇരുപതുകളിൽ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള തത്രപ്പാടിലാണ്. അതെ സമയം ഓൺലൈൻ ഓർഡറുകളും, വീക്കെൻഡ് പരിപാടികളുമായി കയ്യിൽ ലഭിക്കുന്ന തുക സമയത്തേക്കാൾ വേഗത്തിൽ കുറയുന്നുമുണ്ട്. തലമുറകളായി കൈമാറി വരുന്ന പല ആശയങ്ങളും ഉൾകൊള്ളാൻ ഇന്നത്തെ ജനതക്കാവുന്നില്ല.
സമ്പത്ത് എന്ന നിർവചനത്തെ പൊളിച്ചെഴുതുന്നു
നമ്മുടെ മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ സമ്പത്ത് എന്നത് കൊണ്ട് പെൻഷൻ കിട്ടുന്ന ജോലി, സ്വന്തമായി ഒരു വീട്, കൈയിൽ കുറച്ചു സേവിങ് എന്നിവയൊക്കെയാണ്. എന്നാൽ മില്ലേനിയൽ തൊട്ടുള്ള തലമുറക്ക് ഇതിനോട് വലിയ യോജിപ്പില്ല. വീട്, കുടുംബം എന്നിവയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കണം എന്ന ആശയത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. ഭാവിയിലേക്ക് സേവ് ചെയുക എന്ന ഓട്ടപാച്ചിലിനിടയിൽ ഇന്ന് ജീവിക്കാൻ മറക്കുന്ന സാഹചര്യങ്ങളോട് അവർക്ക് താല്പര്യമില്ല. ഒരു ബ്രേക്ക് വേണം എന്ന് തോന്നുമ്പോൾ അത് എടുക്കാൻ പറ്റുന്ന സ്വാതന്ത്രം, ഒരു ജോലി രാജി വച്ചാലും മുന്നോട്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം, തുടങ്ങി ലളിതമായ ആവശ്യങ്ങളിലേക്ക് മനുഷ്യൻ മാറിയിട്ടുണ്ട്. സ്വന്തമായി ഒരു കാർ വാങ്ങുക എന്നതിനേക്കാൾ അലാറം വയ്ക്കാതെ എഴുനേൽക്കാനുള്ള വ്യക്തി സ്വാതന്ത്ര്യമാണ് തേടുന്നത്. ഇന്ന് വർക്ക് ലൈഫ് ബാലൻസ് എന്നത് അതിജീവനത്തിന്റെ കൂടി പ്രശനമാണ്
ഇന്ന് ഒരുപാട് ചിലവഴിക്കുന്നതിൽ മറ്റുള്ളവർ അഭിപ്രായം പറയുന്നു. ഒരുപാട് സേവിങ്സ് ഉണ്ടാകുമ്പോൾ ജീവിക്കാൻ മറന്നു പോകുന്നു എന്ന് ഓർമപെടുത്തുന്നു. പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഇത്തരം ചിന്തകൾക്ക് കൂടുതൽ വളമാകുന്നു. അന്താരഷ്ട്ര ട്രിപ്പും, പുതിയ ഗാഡ്ജെറ്റുമൊക്കെ സ്വന്തമാക്കിയവരും ജീവിതം ചെറുപ്രായത്തിൽ തന്നെ റിട്ടയർ ചെയ്ത് ആസ്വദിക്കുന്നവർക്കും മാത്രമാണ് എന്ന തോന്നൽ ഉണ്ടാക്കുന്നു.
ജീവിതം കൈവിട്ടു പോകുന്നുവെന്ന ഭയം
ഭാവിയിലേക്ക് എടുത്തുവെയ്ക്കുന്നു എന്ന് പറയുമ്പോൾ ഇന്ന് പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പുകളും, ഹോബികളും, ആരോഗ്യവുമൊക്കെയാണ് വേണ്ട എന്ന് വെക്കേണ്ടി വരുന്നത്. നമ്മുടെ അച്ഛനമ്മമ്മാർ പിന്തുടർന്ന ആ പാറ്റേൺ ഇന്നത്തെ മില്ലേനിയൽ ഇഷ്ട്ടപെടുന്നില്ല. ജീവിതം ഒന്നേയുള്ളു. അത് ആസ്വദിക്കുക എന്നതിനാണ് ശ്രമിക്കുന്നത്. എസ് ഐ പിയും, മ്യൂച്ചൽ ഫണ്ടുമൊക്കെയായി സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമങ്ങൾ വ്യക്തികൾക്കിടയിൽ നടക്കുന്നുണ്ട്.
.