ഉപരോധങ്ങളെ വിഴുങ്ങുന്ന റിലയന്‍സ് ബുദ്ധി'; ട്രംപ് അംബാനിയെ ബിസിനസ് പഠിപ്പിക്കാനോ? ഇതു വേറെ ലെവല്‍ കളി
റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ റിലയന്‍സ് അടിയറവ് വച്ചെന്ന തരത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ബിസിനസുകാരില്‍ ഒരാളായ അംബാനിയെ ട്രംപ് എന്ത് ബിസിനസ് പഠിപ്പിക്കാനാ? റഷ്യന്‍ എണ്ണയ്ക്കു മേല്‍ യുഎസും, യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തന്ത്രപരമായി നേരിട്ടിരിക്കുകയാണ് അംബാനി.
റിലയന്‍സ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുന്നു. പക്ഷെ ഈ വാര്‍ത്തയില്‍ ഒരു ട്വിസ്റ്റുണ്ട്. നിർത്തുന്നത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇറക്കുമതിയല്ല. മറ്റു വിപണികൾക്കു വേണ്ടിയുള്ള ഇറക്കുമതിയാണെന്ന് മാത്രം. യുഎസ്, ഇയു മേഖലകളിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ക്രൂഡിന്റെ ഇറക്കുമതി മാത്രമാണ് റിലയന്‍സ് നിര്‍ത്തുന്നത്.
എന്താ മനസിലായില്ലേ...
റിലയന്‍സ് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ്. ഇവര്‍ റഷ്യ, യുഎസ്, ഒപെക് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ പോലുള്ള ഉപ ഉല്‍പ്പനങ്ങള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. റഷ്യന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യന്‍ ക്രൂഡ് ഉപയോഗിക്കില്ലെന്ന് റിലയന്‍സ് വ്യക്തമാക്കി. ഇതിന് അര്‍ത്ഥം അംബാനി റഷ്യന്‍ എണ്ണ വാങ്ങല്‍ പൂര്‍ണായി നിര്‍ത്തിയെന്നല്ല. ഇന്ത്യയ്ക്കും, ഉപരോധങ്ങള്‍ ഇല്ലാത്ത മറ്റു വിപണികള്‍ക്കുമായി റഷ്യന്‍ ഇടപാട് റിലയന്‍സ് തുടരും.