യെസ് ബാങ്കിന്റെ ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് കൈമാറ്റം; ബാങ്കുകള്‍ക്ക് 13,483 കോടി രൂപ നേട്ടം


ന്യൂഡല്‍ഹി ∙ യെസ് ബാങ്കിലെ 20% ഓഹരികള്‍ ജപ്പാനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിങ് കോര്‍പ്പറേഷനു കൈമാറുന്നതിലൂടെ എസ്ബിഐ ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ക്ക് നികുതി ഇളവോടെ 13,483 കോടി രൂപ ലഭിക്കും.

2020-ലെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ബാങ്കുകള്‍ നിക്ഷേപം നടത്തിയതിനാല്‍ ഓഹരി വില്‍പ്പനയില്‍നിന്നുള്ള മൂലധന നേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കല്‍ ലഭിച്ചിരുന്നു. അതിന്റെ പ്രയോജനമാണ് ഇപ്പോള്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്നത്.

സെബിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ പാദത്തിനുള്ളില്‍ തന്നെ ഓഹരികള്‍ കൈമാറ്റം നടക്കും. റിസര്‍വ് ബാങ്ക് യെസ് ബാങ്ക് ബോര്‍ഡിലേക്ക്  നോമിനി ഡയറക്ടര്‍മാരെ നിയമിക്കാന്‍ അനുമതിയും നല്‍കി.

എസ്സ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക്, ആക്‌സിസ്, ഐഡിഎഫ്‌സി ഫെസ്റ്റ്, ഫെഡറല്‍, ബന്ധന്‍ ബാങ്കുകള്‍ ചേര്‍ന്ന് ഓഹരി ഒന്നിന് 21.50 രൂപ നിരക്കില്‍ വിറ്റഴിക്കും. 2020-ല്‍ ഓഹരികള്‍ വാങ്ങിയത് 10 രൂപ നിരക്കിലായിരുന്നു.


കരാര്‍ പ്രകാരം, എസ്ബിഐയുടെ കൈവശമുള്ള 24%യില്‍നിന്ന് 8,889 കോടി മൂല്യമുള്ള 13.19% ഓഹരികളും, മറ്റ് ബാങ്കുകള്‍ ചേര്‍ന്ന് **4,594 കോടി രൂപ മൂല്യമുള്ള 6.81% ഓഹരികളും കൈമാറും.


നികുതി ഇളവ് ഇല്ലായിരുന്നുവെങ്കില്‍ ബാങ്കുകള്‍ക്ക് 12.5% മൂലധന നേട്ട നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. അന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാനും ബാങ്കുകളെ സഹായിക്കാന്‍ പ്രോത്സാഹിപ്പിക്കാനുമായിരുന്നു ഇളവ്.

ജപ്പാന്‍ ബാങ്കിന് യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം 24.99% വരെ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 4.99% ഓഹരി അഡ്വെന്റ്, കാര്‍ലൈല്‍ എന്നിവയില്‍നിന്നോ അല്ലെങ്കില്‍ പുതിയ പ്രിഫറന്‍ഷ്യല്‍ ഷെയറുകളിലൂടെയോ സ്വന്തമാക്കാനാണ് സാധ്യത.

ഇതോടൊപ്പം 16,000 കോടി രൂപയുടെ ഫണ്ട് സമാഹരണം (കടമായി 8,500 കോടി, ഇക്വിറ്റിയായി 7,500 കോടി) സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നു. ഇതിനായി യെസ് ബാങ്ക് ബോര്‍ഡിന് ഓഹരി ഉടമകളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.