മസ്കിന്റെ ഒന്നാം സ്ഥാനം തെറിച്ചു; ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയത് ലാറി എലിസൺ

ഒറ്റദിവസം 8.9 ലക്ഷം കോടി രൂപ (101 ബില്യൻ ഡോളർ) ആസ്തി കൂട്ടിച്ചേർത്ത റെക്കോർഡ് നേട്ടത്തോടെ, ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും ചെയർമാനുമായ ലാറി എലിസൺ ലോകത്തെ ഏറ്റവും സമ്പന്നനായി. മാസങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇലോൺ മസ്കിനെ പിന്നിലാക്കി കൊണ്ടാണ് എലിസൺ മുന്നിലെത്തിയത്.

ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം എലിസണിന്റെ ആസ്തി ഇപ്പോൾ 393 ബില്യൺ ഡോളർ (34.63 ലക്ഷം കോടി രൂപ). മസ്കിന്റെ ആസ്തി 385 ബില്യൺ ഡോളർ (33.93 ലക്ഷം കോടി രൂപ) മാത്രമാണ്. എന്നാൽ ഫോബ്സിന്റെ റിയൽടൈം പട്ടികയിൽ മസ്ക് 439.9 ബില്യൺ ഡോളർ (38.75 ലക്ഷം കോടി രൂപ) സഹിതം ഒന്നാമനായി തുടരുമ്പോഴും, 401.1 ബില്യൺ ഡോളർ (35.34 ലക്ഷം കോടി രൂപ) മൂല്യമുള്ള എലിസൺ രണ്ടാം സ്ഥാനത്ത്.

ഒറാക്കിൾ ഓഹരി വില ഒരുദിവസം 40% ഉയർന്നത് എലിസണിന്റെ സമ്പത്ത് വർധനയ്ക്ക് വഴിവച്ചതും 1992 മുതൽ കണ്ട ഏറ്റവും വലിയ ഏകദിന നേട്ടവുമാണ്. എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളിൽ നിന്നുള്ള വരുമാനം കുതിച്ചുയരുമെന്ന പ്രവചനവും അമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുമായി ഒപ്പുവച്ച കരാറുകളും ഓഹരി വളർച്ചക്ക് പുത്തൻ വേഗം നൽകി.

ഒറാക്കിളിന്റെ വിപണിമൂല്യം 950 ബില്യൺ ഡോളർ താണ്ടിയിരിക്കുകയാണ്. ഉടൻ തന്നെ കമ്പനി ഒരു ട്രില്യൺ ഡോളർ ക്ലബ്ബിൽ എത്തുമെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു.