സാംസങ് കമ്പനിയുടെ ഐടി ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റിനെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് തങ്ങളുടെ മൊബൈല്‍ -ഐടി ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റിനെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നു. ഇതിനായി സാംസങ് ഇന്ത്യയില്‍ 4825 കോടി രൂപയാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശിലായിരിക്കും ഫാക്ടറി സ്ഥാപിക്കുക. സാംസങ് ഡിസ്‌പ്ലേ നോയ്ഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് പ്രത്യേകം ഇന്‍സന്റീവുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നോയിഡയിലാണ് സാംസങിന് ഒരു മൊബൈല്‍ഫോണ്‍ നിര്‍മാണ യൂണിറ്റുള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിര്‍മാണ യൂണിറ്റില്‍ 510 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുമെന്നാണ് സൂചന. 'യുപി ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് പോളിസി 2017' അനുസരിച്ച്‌, ഭൂമി കൈമാറ്റം സംബന്ധിച്ച സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് സാംസങ്ങിന് ഒരു ഇളവ് ലഭിക്കും. മാനുഫാക്ചറിംഗ് ഇലക്‌ട്രോണിക് കംപോണന്‍സ് ആന്റ്‌സെമികണ്ടക്ടേഴ്‌സ് (സ്‌പെക്‌സ്) എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം 460 കോടി രൂപയുടെ സഹായവും കമ്പനിക്ക് ലഭിക്കും.