ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും
മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും കാശ്മീരില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനായാണ് ആധുനിക രീതിയിലുള്ള ഭക്ഷ്യസംസ്‌കരണ കേന്ദ്രം ശ്രീനഗറില്‍ ആരംഭിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ), ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ-ഇന്ത്യ ഭക്ഷ്യ സുരക്ഷാ സമ്മേളനത്തിന്റെ (UAE India Food Security Summit 2020) ഭാഗമായി ജമ്മുകശ്മീര്‍ കാര്‍ഷികോല്‍പ്പാദന പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍ കുമാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും സൃഷ്ടിക്കും.
നിലവില്‍ കാശ്മീരില്‍ നിന്ന് ആപ്പിള്‍, കുങ്കുമപ്പൂവ് എന്നിവ ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വര്‍ഷം കൊവിഡ് മഹാമാരിക്കിടയിലും ഇതുവരെ 400 ടണ്‍ ആപ്പിളാണ് കാശ്മീരില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്തത്.വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നിന്നുള്ള ഇറക്കുമതി വന്‍ തോതില്‍ വര്‍ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് ഭക്ഷോല്‍പ്പന്നങ്ങളും ഭക്ഷ്യേതര ഉല്പന്നങ്ങളും ലുലു വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കശ്മീരി ഉല്‍പ്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുമെന്ന് യൂസഫലി പറഞ്ഞു.