ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് 21000 കോടി രൂപയുടെ നഷ്ടം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് നേരിടേണ്ടിവന്ന നഷ്ടം 21000 കോടി രൂപയാണെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തേണ്ടിവന്നതാണ് കനത്ത നഷ്ടത്തിന് കാരണമായത്. കോവിഡ് സാഹചര്യമായതിനാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 64 ശതമാനവും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 89 ശതമാനവും ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

വ്യോമയാന രംഗത്തെ നഷ്ടം അടുത്ത ധനകാര്യ വര്‍ഷം 50000 കോടി രൂപയിലെത്തുമെന്നും ഐസിആര്‍എ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വ്യോമയാനമന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്കിയിട്ടുണ്ട്.