ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടെസ്‌ല
ലോകോത്തര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല ബെംഗളുരുവില്‍ ഗവേഷണ-വികസനകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് കര്‍ണാകട സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തുന്നു. വ്യോമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി തുടങ്ങിയ നിരവധി മേഖലകളിലെ ഗവേഷണ-വികസന സാധ്യതകള്‍ മികച്ചരീതിയില്‍ നിലവില്‍തന്നെ കര്‍ണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ജനറല്‍ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം. സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടെസ്‌ല വർഷങ്ങളായി ശ്രമം നടത്തിവരികയാണ്.