ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കുതിക്കുന്നു
ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ വിപണി പ്രതിവർഷം ശരാശരി 23 ശതമാനം നിരക്കിൽ വളരുമെന്ന് പഠനം. 2030-ഓടെ ഈ വിപണി 17,000 കോടി ഡോളറിന്റേതാകുമെന്ന് അമേരിക്കൻ ധനകാര്യസ്ഥാപനമായ ‘ജെഫ്രീസി’ന്റെ പഠനം വെളിപ്പെടുത്തുന്നു. അതായത്, ഏതാണ്ട് 12,00,000 കോടി രൂപ.
ഇന്ത്യയിലെ സംഘടിത റീട്ടെയിൽ വിപണിയുടെ 25 ശതമാനമാണ് ഇപ്പോൾ ഓൺലൈൻ വിപണി. ഇത് 37 ശതമാനമായി വളരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഓൺലൈൻ റീട്ടെയിൽ വിപണി രാജ്യത്ത് ഇപ്പോൾ 1,800 കോടി ഡോളറാണ്. അതായത്, 1,26,000 കോടി രൂപ.
ഓരോ ഓൺലൈൻ ഇടപാടുകാരും പ്രതിവർഷം ശരാശരി 12,800 രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അത്, 25,138 രൂപയിലെത്തുമെന്നാണ് പഠനം പറയുന്നത്. ഇലക്‌ട്രോണിക്സ്, തുണിത്തരങ്ങൾ എന്നിവയ്ക്കപ്പുറത്തേക്ക് ഈ വിപണി വളരും.
ഉയർന്ന വിലക്കിഴിവ്, കാഷ് ബാക്ക് ഓഫറുകൾ എന്നിവയിലൂടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ ഓൺലൈനിൽ വിപണി പിടിച്ചിട്ടുണ്ട്. പലചരക്കുകൾക്കും വരുംവർഷങ്ങളിൽ വലിയ ഓൺലൈൻ വിപണിയുണ്ടാകുമെന്നാണ് കരുതുന്നത്.