പൂർണ്ണമായും വെജിറ്റേറിയൻ ഡയറ്റിൽ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ചർച്ചയാവുന്നത് വീഡിയോയിലെ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ശാരീരിക പരിവർത്തനം കൊണ്ടാണ്. ഞെട്ടിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗുസ്തിക്കാരനായ കഥാപാത്രത്തിന് വേണ്ടി രാം ചരൺ തന്റെ ശരീരം രൂപപ്പെടുത്തിയത്. ഇപ്പോഴിതാ, ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ രാം ചരൺ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബുചി ബാബു സന. 2026 ഏപ്രിൽ 30 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ബലിഷ്ഠമായ ശരീരത്തോടെ, കയ്യിൽ വമ്പൻ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഗ്ലിമ്പ്സ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എട്ടു മാസത്തോളമായി എല്ലാ ദിവസവും മണിക്കൂറുകളോളം പരിശീലനം നടത്തിയാണ് രാം ചരൺ തന്റെ വമ്പൻ ശരീരം ഉണ്ടാക്കിയെടുത്തത് എന്നാണ് ബുചി ബാബു സന വെളിപ്പെടുത്തിയത്. മാത്രമല്ല, അയ്യപ്പ ദീക്ഷ വ്രതം അനുഷ്ഠിക്കുന്നതിനാൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഒന്നും തന്നെ ഉപയോഗിക്കാതെ, മൊത്തമായി വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചാണ് രാം ചരൺ ഈ ശരീരം ഉണ്ടാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.