നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ
കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രതിഛായ' തിയേറ്ററുകളിൽ മികച്ചപ്രതികരണം. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ട് ഒരു പക്കാ ഫാമിലി പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം മുന്നേറുന്നത്.
കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ കൈകാര്യം ചെയ്യുന്ന ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നാണ് ഇത്.
ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്.