അത് എഐ എന്ന് പരിഹസിച്ചവര്‍ക്ക്, ഇതാ ലൊക്കേഷന്‍ ചിത്രം; അനൂപ് മേനോന്‍റെ 'വൈല്‍ഡ്' വരുന്നു

അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രമാണ് വൈല്‍ഡ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഏതാനും ദിവസം മുന്‍പ് അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നായിരുന്നു കമന്‍റ് ബോക്സില്‍ പലരും പരിഹസിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള തന്‍റെ ഒരു ചിത്രവും അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ സൂചിപ്പിച്ചത് പ്രകാരം സാറ സ്റ്റീഫന്‍ ആണ് ചിത്രത്തിലെ നായിക. അലി സഫര്‍ ആണ് സംവിധാനം. പോയിന്‍റ് ബ്ലാങ്ക് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നു. കോണ്‍സെപ്റ്റ് പോസ്റ്റര്‍ എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്ററില്‍ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് അനൂപ് മേനോന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമയുടെ ചിത്രീകരണം നിലവില്‍ കൂര്‍​ഗില്‍ പുരോ​ഗമിക്കുകയാണെന്നും അനൂപ് മേനോന്‍ അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല