നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കൊപ്പം : മഞ്ജു വാര്യർ
അന്നും ഇന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്ന് മഞ്ജു വാര്യർ. സമീപകാലത്ത് ഉടലെടുത്ത വിവാദങ്ങളിൽ നിന്നെല്ലാം മാറി നിന്നിരുന്ന മഞ്ജു വാര്യർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മഞ്ജുവിന്റെ മൗനത്തിൽ നേരത്തെ നിരവധിയാളുകൾ ആശങ്കയും, വിമർശനവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ പുതിയ വിവാദം ഉണ്ടാക്കാനും, ഈ വിഷയത്തിൽ വിശദീകരണം നൽകാനും തനിക്ക് താല്പര്യമില്ലെന്നും മഞ്ജു വാര്യർ അറിയിച്ചു.
" നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്ക്കറിയാം. എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവര്ക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും.ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും…അതു പ്രഖ്യാപിക്കാന് ഹാഷ് ടാഗുകളുടെ ആവശ്യവുമില്ല". മഞ്ജു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യർ. ഈ ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണജോലികളിൽ ജോയിൻ ചെയ്യും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.