'എഐ മായമല്ല കൂട്ടുകരെ; വേ​ഗതയ്ക്കനുസരിച്ച് അടയുന്ന ഡോർ, തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മമ്മൂക്ക' 2 Min read

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുടെ ഓരോ അപ്ഡേറ്റുകളും മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന സെക്കന്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടി. എന്നാൽ സാരഥിയായി കുഞ്ചാക്കോ ബോബൻ കാറിലിരിക്കുമ്പോൾ ഒരു ഡോറിനപ്പുറം മമ്മൂട്ടിയും സൺറൂഫിന് മുകളിലൂടെ മോഹൻലാലും തോക്കും ചൂണ്ടി നിൽക്കുന്നതായിരുന്നു സെക്കന്റ് ലുക്ക്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇത് എഐ ആണെന്ന കമന്റുകളും ചിലർ ഉന്നയിച്ചു. ഇവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആർട്ട് ഡയറക്ടർ ഷാജി നടുവിൽ.
ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നതെന്നും എല്ലാം എഐ മായം ആണെന്ന് കരുതരുതെന്നും ഷാജി പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ ഒരു സീൻ എടുത്തതെന്നും കാറിന്റെ വേഗതയ്ക്കനുസരിച്ചു അടഞ്ഞു പോകുന്ന ഡോറിനെ തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞു നിന്നാണ് അദ്ദേഹം അത് ചെയ്തതെന്നും ഷാജി പറഞ്ഞു. മോഹൻലാലിന്റെ കാലിൽ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്താണ് മമ്മൂട്ടി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.