വാൾട്ടറും പിള്ളേരും കേറി കൊളുത്തി; ആദ്യദിനം ഞെട്ടിക്കുന്ന കളക്ഷനുമായി 'ചത്താ പച്ച', 2-ാം ദിനവും തൂക്കിയടി

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ. ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ 'ചത്താ പച്ച - റിങ് ഓഫ് റൗഡീസി'ന് ബോക്സ് ഓഫീസിൽ മികച്ച തുടക്കം. ജനുവരി 23ന് രാവിലെ ആരംഭിച്ച ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും വമ്പൻ പ്രകടനം ആണ് നടത്തുന്നത്. ആദ്യ ദിനം ചിത്രം നേടിയ ആഗോള ഗ്രോസ്സ് കളക്ഷൻ 7 കോടി 73 ലക്ഷം രൂപയാണ്. രണ്ടാം ദിനവും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.



ആദ്യ വീക്കെൻഡിൽ തന്നെ ചിത്രം റെക്കോർഡ് കലക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.


റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അൻപതോളം സ്‌ക്രീനുകളാണ് ചിത്രത്തിനായി കേരളത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ആദ്യദിനം 188ൽ കൂടുതൽ ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകളും ചിത്രം കേരളത്തിൽ കളിച്ചു. ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്. നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്. കേരളത്തിന് പുറത്ത് നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് കുതിക്കുന്നത്