അറുപത് വര്‍ഷം, 7000 വിക്കറ്റുകള്‍; 85ാം വയസ്സിൽ സെസില്‍ റൈറ്റ് വിരമിക്കുന്നു
അറുപതു വർഷം പിന്നിട്ട കരിയർ, 7000ൽ അധികം വിക്കറ്റുകളും സ്വന്തം..വെസ്റ്റിൻഡീസ്
പേസ് ബോളർ സെസിൽ റൈറ്റ് വിരമിക്കൽ പ്രഖ്യാപിച്ചു.
വിൻഡീസ് ഇതിഹാസങ്ങളായ ഗാരി സോബേഴ്സും വെസ് ഹാളും ഉൾപ്പെട്ട ബാർബഡോസിനെതിരെ ജമൈയ്ക്കായി കളിച്ചുകൊണ്ടാണ് സെസ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഇതുപക്ഷേ സെസിന്റെ കരിയറിലെ ഏക ഫസ്റ്റ് ക്ലാസ് മൽസരമായി. അരങ്ങേറ്റ മൽസരത്തിനു തൊട്ടുപിന്നാലെ 1959ൽ ഇംഗ്ലണ്ടിലേക്കു മാറിയതായിരുന്നു കാരണം. സഹതാരമായിരുന്ന റോയ് ഗിൽക്രിസ്റ്റിന്റെ നിർബന്ധപ്രകാരമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ജീവിതം അതീവ ദുഷ്കരമായിരുന്നെങ്കിലും സെസ് പിടിച്ചുനിന്നു.
അതോടെ പ്രഫഷനൽ കരിയറിലെ ശേഷിച്ച കാലമത്രയും ഇംഗ്ലണ്ടിലാണ് സെസ് ചെലവഴിച്ചത്. സെൻട്രൽ ലങ്കാഷയർ ലീഗിൽ ക്രോംപ്ടണു വേണ്ടി കളിച്ചുകൊണ്ടാണ് ക്രിക്കറ്റ് കരിയറിലെ രണ്ടാം അധ്യായത്തിനു തുടക്കമിട്ടത്. മൂന്നു വർഷത്തേക്കാണ് ഇംഗ്ലണ്ടിലെത്തിയതെങ്കിലും പിന്നീട് അവിടെത്തന്നെ തുടർന്നു. മുൻനിര ലീഗുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സെസ്, പ്രായമേറുന്തോറും താരതമ്യേന താഴ്ന്ന ലീഗുകളിലേക്ക് ചുവടുമാറ്റി.
85–ാം വയസ്സിൽ പെന്നി ക്രിക്കറ്റ് ലീഗിലെ അപ്പർമിൽ ക്രിക്കറ്റ്
ക്ലബ്ബിന്റെ താരമായിരിക്കെയാണ് റൈറ്റിന്റെ വിരമിക്കൽ. പെന്നി ലീഗിലെ
സ്പ്രിങ്ഹെഡിനെതിരെയാണ് റൈറ്റിന്റെ വിരമിക്കൽ മൽസരം. സെപ്റ്റംബർ ഏഴിനു
നടക്കുന്ന ഈ മൽസരത്തിനുശേഷം സെസിന് ഏറ്റവും അനുയോജ്യമായ യാത്രയയപ്പ്
നൽകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.