ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് കിരീടം

ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യൻസ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നു.

59 പന്തിൽ എട്ടു ഫോറും നാല് സിക്സും സഹിതം 80 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ഷെയ്ൻ വാട്സണിന്റെ മികവിൽ ചെന്നൈ ഒരു ഘട്ടത്തിൽ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാൽ പാണ്ധ്യ എറിഞ്ഞ 18−ാം ഓവറിൽ തുടർച്ചയായി മൂന്നു പന്തുകൾ വാട്സൺ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19−ാം ഓവറിൽ ബുംറ വാട്സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ആ ഓവറിലെ രണ്ടാം പന്തിൽ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുംെൈബയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ പിഴവിൽ ചെന്നൈയ്ക്ക് നാല് റൺസ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി.

മലിംഗ അവസാന ഓവർ എറിയാനെത്തുന്പോൾ ക്രീസിലുണ്ടായിരുന്നത് വാട്സണും ജഡേജയും. ജയിക്കാൻ വേണ്ടത് ഒന്പത് റൺസും. മലിംഗയുടെ യോർക്കറുകളിൽ വാട്സണും ജഡേജയ്ക്കും ബൗണ്ടറി കണ്ടെത്താനായില്ല. നാലാം പന്തിൽ വാട്സൺ റൺഔട്ടായി. ഇതോടെ മത്സരം കൂടുതൽ ആവേശത്തിലേക്ക് കടന്നു. അഞ്ചാം പന്തിൽ പുതുതായി ക്രീസിലെത്തിയ ഠാക്കൂർ ഡബിളെടുത്തു. ഇതോടെ അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് എന്ന അവസ്ഥയിലെത്തി. ക്രീസിൽ ഠാക്കൂറും. എന്നാൽ ഭാഗ്യം മുംബൈയുടെ ഭാഗത്തായിരുന്നു. മലിംഗയുടെ ആ പന്തിൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ചെന്നൈ ആരാധകർ അന്പരന്നു. മുംബൈ ക്യാന്പിൽ ആഘോഷം അണപൊട്ടി. ഐ.പി.എൽ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തിൽ ഇടം നേടി.