എംസിസിയുടെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ്; ചരിത്രനേട്ടവുമായി സംഗക്കാര

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബി(എംസിസി)ന്റെ പുതിയ പ്രസിഡന്റായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയെ തെരഞ്ഞെടുത്തു. എംസിസിയുടെ പ്രസിഡന്റാകുന്ന ബ്രിട്ടീഷുകാരനല്ലാത്തയാളാണ് ആദ്യ വ്യക്തിയാണ് സങ്കക്കാര. നിലവിലെ പ്രസിഡന്റ് ആന്റണി റെഫോര്‍ഡ് ആണ് സങ്കക്കാരയുടെ പേര് പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ചുമതലയേല്‍ക്കും. ഒരുവര്‍ഷത്തേക്കാണ് കാലാവധി. മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് 1784ല്‍ ആണ് സ്ഥാപിച്ചത്. വിഖ്യതമായ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ആസ്ഥാനം. ക്ലബിന്റെ ചരിത്രത്തില്‍ ഇതുവരെ 168 പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാരനല്ലാത്ത ഒരാള്‍ ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ സങ്കക്കാരയുടെ നിയമനം ചരിത്രത്തില്‍ ഇടംപിടിക്കും.

എംസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമാണെന്ന് സംഗക്കാര പ്രതികരിച്ചു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി പിച്ചിലും പുറത്തും സ്വീകരിക്കുന്ന സമീപനങ്ങള്‍ കൊണ്ട് ഏറ്റവും മഹത്തായ ക്രിക്കറ്റ് ക്ലബാണ് എംസിസിയെന്നും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച 41കാരനായ സംഗ എംസിസിയുടെ ആജീവനന്തകാല അംഗമാണ്. ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അവതരിപ്പിക്കുന്ന 100 പന്തുകളുടെ ക്രിക്കറ്റ് ഫോര്‍മാറ്റ് അടുത്തുവര്‍ഷമാണ്. വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരായ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങളും ലോര്‍ഡ്സില്‍ നടക്കുന്നുണ്ട്.