കളത്തിലിറങ്ങി അമ്പയറുമായി തർക്കിച്ചു; ധോണിക്ക്‌ പിഴ

ഐ‌പിഎല്‍ വീണ്ടും വിവാദം. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ‌്സും തമ്മിലുള്ള മത്സരത്തിനിടെ മഹേന്ദ്ര സിങ‌് ധോണി അച്ചടക്കലംഘനം നടത്തിയതാണ‌് വിവാദമായത്. പുറത്തായശേഷം കളത്തിലേക്ക‌് തിരിച്ചുവന്ന‌് അമ്പയറോഡ്  തര്‍ക്കിച്ച ധോണിക്ക‌് മത്സരത്തുകയുടെ 50 ശതമാനം പിഴയും കിട്ടി. ആര്‍ അശ്വിന്റെ മങ്കാദിങ‌് വിവാദം അവസാനിക്കും മുമ്പാണ് പുതിയ വിവാദം. അമ്പയറിംഗ് വിവാദവും പുകയുന്നുണ്ട‌്. കളത്തില്‍ ശാന്തതയുടെ രൂപമെന്ന‌ാണ‌് ധോണിക്കുള്ള വിശേഷണം, 'ക്യാപ്റ്റൻ കൂൾ' . എന്നാല്‍, രാജസ്ഥാനുമായുള്ള കളിയില്‍ ധോണിക്ക‌് നിയന്ത്രണം നഷ്ടമായി.

ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ ധോണി പുറത്തായതിനു പിന്നാലെയാണ് സംഭവം. രവീന്ദ്ര ജഡേജയും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിക്കു പകരമെത്തിയ മിച്ചൽ സാന്റ്നറുമാണ് ഉണ്ടായിരുന്നത്. ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടത് മൂന്നു പന്തിൽ എട്ടു റൺസായിരുന്നു. ഓവറിലെ നാലാം പന്ത് ബെൻ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയർ ഉല്ലാസ് ഗാന്ധെ നോബോളാണെന്ന് അടയാളം കാട്ടി. എന്നാൽ ലെഗ് അംപയറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി. ഈ പന്തിൽ ജഡേജ–സാന്റ്നർ സഖ്യം ഡബിൾ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസിൽനിന്ന രവീന്ദ്ര ജഡേജ തർക്കിച്ചു. നോബോൾ തീരുമാനത്തിൽ അംപയർ ഉറച്ചുനിന്നിരുന്നെങ്കിൽ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.

ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയർ ഓക്സെൻഫോർഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി മൈതാനത്തേക്ക് എത്തി. അംപയർ ആദ്യം വിളിച്ച സാഹചര്യത്തിൽ നോബോൾ നൽകണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയർ അനുവദിച്ചില്ല. കുറച്ചുനേരം അംപയറുമായി തർക്കിച്ചതിന് ശേഷമാണ് ധോണി മടങ്ങിയത്. അവസാന പന്തിൽ സിക്സ് നേടിയ സാന്റ്നർ ചെന്നൈയ്ക്ക് സീസണിലെ ആറാം ജയം സമ്മാനിക്കുകയും ചെയ്തു. ഒരു ക്യാപ്റ്റ‌ന‌് ഒരിക്കലും യോജിക്കാത്ത പ്രതികരണം ധോണിയുടെ ഭാഗത്തുനിന്ന‌് ഉണ്ടായെന്നാണ‌് മുന്‍ താരങ്ങള്‍ കുറ്റപ്പെടുത്തിയത‌്.