ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി; ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്ഥാനം

ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്ഥാനം. റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെറസ്കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വസ്തുതകൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഈ വര്‍ഷം ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഓണ്‍ലൈനില്‍ വെബ്സൈറ്റുകൾ സന്ദർശിക്കുന്ന വേളയിൽ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് കാസ്പെറസ്കി അധികൃതർ അറിയിച്ചു. ഒട്ടുമിക്ക സൈബര്‍ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യം പണമാണ്. അതുകൊണ്ട് ബ്രൗസറുകളിലെ സുരക്ഷാ വീഴ്ച സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഉപയോക്താവിന്റെ അറിവോ ഇടപെടലോ ഇല്ലാതെ തന്നെ ഇവര്‍ക്ക് ആക്രമണം നടത്താന്‍ എളുപ്പത്തിൽ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.