ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്
ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ ഗൂഗിളിന് സഹായകരമായത്. ഭൂമിയെ 400 പ്രാവശ്യം ചുറ്റുന്നതിന് സമാനമാണ് ഗൂഗിള്‍ മാപ്പിന്‍റെ ഇപ്പോഴത്തെ സ്ട്രീറ്റ് വ്യൂവിന്‍റെ ദൈര്‍ഘ്യം. അതേ സമയം ഗൂഗിളിന്‍റെ മറ്റൊരു സേവനമായ ഗൂഗിള്‍ എര്‍ത്ത് ലോകത്തിലെ 98 ശതമാനം ജനസംഖ്യയും ഉള്‍കൊള്ളുന്ന രീതിയില്‍ വളര്‍ന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ എര്‍ത്തിയില്‍ ഇപ്പോള്‍ 36 ദശലക്ഷം എച്ച്.ഡി ബഹിരാകാശ ദൃശ്യങ്ങളാണ് ഉള്ളത്.
ലോകത്തിലെ ഒരോ ഭാഗങ്ങളും കാണാന്‍ സാധിക്കില്ലെങ്കിലും അവിടെ എത്തിയ അനുഭവം നല്‍കാന്‍ ഈ മികച്ച ചിത്രങ്ങള്‍ സഹായിക്കുന്നു. ഗൂഗിള്‍ മാപ്പിന്‍റെ കൃത്യത ഉറപ്പുവരുത്താന്‍ ഇത് സഹായകരമാകുന്നു, ഗൂഗിള്‍ മാപ്പ് ലോകം മാറുന്നതിന് അനുസരിച്ച് ഒരോ ദിവസവും മാറുകയാണ് - ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാര്‍ പറയുന്നു.