ടിക്ക് ടോക്കിന് ഇന്ത്യയിൽ നിരോധനം

ടിക്ക് ടോക്കിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ആപ്പിനെതിരെ വ്യാപകമായ രീതിയിൽ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. വീഡിയോ ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിക്കയുണ്ടായി. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. ഈ നടപടിയെത്തുടർന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ല.